ലക്നൗ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ വൃദ്ധന്റെ ചിത കത്തുമ്പോൾ അതിൽവച്ച് മാംസം പാചകം ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വൃദ്ധന്റെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് മാംസം ചിതയിൽവച്ച് പാകം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
പൊലീസ് നൽകുന്ന വിവരപ്രകാരം ശനിയാഴ്ച മരിച്ച വൃദ്ധന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെയാണ് സംസ്കരിച്ചത്. ചിത കത്തിച്ച ശേഷം കുടുംബം മടങ്ങിപ്പോയി. എന്നാൽ കുറച്ച് കഴിഞ്ഞ മകൻ തിരിച്ചെത്തിയപ്പോഴാണ് ഗ്രാമത്തിലെ മൂന്ന് പേർ ചിതയിലെ തീ ഉപയോഗിച്ച് മാംസം പാചകം ചെയ്യുന്നത് കണ്ടത്. ഗ്രാമത്തിലെ പൂജാകർമങ്ങൾ ചെയ്തിരുന്ന സുരേന്ദ്രയും രാജേന്ദ്രയും രാംചരണും ചേർന്നാണ് ചിതയിൽ മാംസം പാചകം ചെയ്തത്. വിവരമറിഞ്ഞ് ഗ്രാമവാസികൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് എത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.





