ഹരിയാന∙ പ്രണയ വിവാഹങ്ങൾക്കെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച് ഗ്രാമം. ഹിസാർ ജില്ലയിലെ ആര്യ നഗർ ഗ്രാമത്തിൽ ചേർന്ന സാമുദായിക പഞ്ചായത്താണ് പ്രണയവിവാഹങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഒരേ ഗ്രാമത്തിൽ നിന്നുള്ളവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ അവരെ ബഹിഷ്കരിക്കും. അടുത്തിടെ മൂന്ന് പ്രണയ വിവാഹങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഞായറാഴ്ച ആയിരത്തോളം ഗ്രാമീണർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം അംഗീകരിച്ചതെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. പ്രണയ വിവാഹങ്ങളെ പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങൾക്കെതിരെയും സമാന നടപടിയെടുക്കും. വിലക്കിനെക്കുറിച്ചുള്ള ഗ്രാമീണരുടെ അഭിപ്രായം അറിയാൻ ഒരു കമ്മിറ്റി വീടുതോറും പ്രചാരണം നടത്തും.
സമുദായ പഞ്ചായത്താണ് തീരുമാനം എടുത്തതെന്നും, പഞ്ചായത്തിന് ഈ തീരുമാനത്തിൽ യാതൊരു പങ്കുമില്ലെന്നും അധികൃതർ പറഞ്ഞു. വിഷയം പരിശോധിക്കുമെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഹിസാർ പൊലീസ് സൂപ്രണ്ട് സിദ്ധാന്ത് ജെയിൻ പറഞ്ഞു.







