പുതിയ ‘ആപ്പിൾ ഇന്റലിജൻസ്’ അപ്‌ഗ്രേഡ് വൈകിയതുമായി ബന്ധപ്പെട്ട കേസിൽ ഉപയോക്താക്കൾക്കായി 250 മില്യൺ ഡോളറിന്റെ (ഏകദേശം 2,200 കോടി രൂപ) ഭീമമായ സെറ്റിൽമെന്റ് തുക നൽകാൻ ആപ്പിൾ കമ്പനി തയ്യാറെടുക്കുന്നു. ഉപയോക്താക്കൾക്ക് ഓരോ ഉപകരണത്തിനും 25 ഡോളർ മുതൽ പരമാവധി 95 ഡോളർ വരെ ലഭിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയുടെ ക്ലെയിം നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ പണം ഇന്ത്യയിലുള്ളവർക്ക് ലഭിക്കുമോ? ആരുടെയെല്ലാം ഫോണുകൾക്കാണ് ഇതിന് അർഹതയുള്ളത്? വിശദമായി അറിയാം.
എന്താണ് ഈ കേസും സെറ്റിൽമെന്റും?
WWDC 2024ൽ ആപ്പിൾ അവതരിപ്പിച്ച അത്യാധുനിക ‘ആപ്പിൾ ഇന്റലിജൻസ്’ അധിഷ്ഠിത സിറി ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് ഐഫോൺ വിപണിയിലെത്തിച്ചെങ്കിലും, യഥാർഥ അപ്‌ഗ്രേഡ് എത്താൻ ഏറെ വൈകി. ഐഫോൺ 16 അടക്കമുള്ള ഫോണുകൾ ‘ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ചവ’ എന്ന് പരസ്യപ്പെടുത്തി വിറ്റെങ്കിലും പുതിയ സിറി ഫീച്ചറുകൾ ഉപയോക്താക്കളുടെ കൈകളിൽ എത്താൻ വർഷങ്ങൾ വൈകിയതാണ് കേസിനാധാരം. യുഎസിൽ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ കേസ് ഒത്തുതീർപ്പാക്കാനാണ് ആപ്പിൾ 250 മില്യൺ ഡോളർ മാറ്റിവെച്ചിരിക്കുന്നത്. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആപ്പിൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, കേസ് ഒഴിവാക്കാനാണ് ഈ തുക നൽകുന്നത്.
ആർക്കാണ് ഈ പണം ലഭിക്കാൻ അർഹത?
യുഎസ് ഉപയോക്താക്കൾക്ക് മാത്രം: ഈ സെറ്റിൽമെന്റ് യുഎസിൽ ഫയൽ ചെയ്ത് തീർത്ത ഒന്നായതുകൊണ്ട് ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ ഉള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഇതിന് അർഹതയില്ല.
ഏതൊക്കെ ഫോണുകൾ? 2024 ജൂൺ 10നും 2025 മാർച്ച് 29നും ഇടയിൽ യുഎസിൽ നിന്ന് പ്രത്യേക ഐഫോൺ മോഡലുകൾ വാങ്ങിയവർക്കാണ് അവസരം. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ്, കൂടാതെ മുഴുവൻ ഐഫോൺ 16 ലൈനപ്പ് (16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ്, 16ഇ) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.ഫോൺ റീസെയിൽ ചെയ്യാനല്ല, മറിച്ച് സ്വന്തം ആവശ്യത്തിനോ ഔദ്യോഗിക ആവശ്യത്തിനോ വാങ്ങിയ യഥാർത്ഥ ഉടമയായിരിക്കണം.
എത്ര തുക ലഭിക്കും?
ഓരോ യോഗ്യരായ ഉപയോക്താവിനും ഡിവൈസ് ഒന്നിന് 25 ഡോളർ മുതൽ ലഭിച്ചുതുടങ്ങും. എന്നാൽ ക്ലെയിം ചെയ്യുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഈ തുക പരമാവധി 95 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്.
എങ്ങനെ ക്ലെയിം ചെയ്യാം? (യുഎസിലുള്ളവർക്ക്)
∙ഔദ്യോഗിക വെബ്‌സൈറ്റായ SmartphoneAISettlement.com വഴി അപേക്ഷിക്കാം.
∙ഫോണിന്റെ സീരിയൽ നമ്പർ (Settings > General > About എന്നതിൽ നിന്ന് ലഭിക്കുന്നത്) നൽകി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
∙പേപ്പർ ചെക്ക്, പേപാൽ (PayPal), വെൻമോ (Venmo), ഡയറക്ട് ഡിപ്പോസിറ്റ് എന്നിവയിലൂടെ പണം കൈപ്പറ്റാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഡിസംബർ 21 ആണ്. 2027 ഫെബ്രുവരിയിലെ കോടതി അന്തിമ അനുമതിക്ക് ശേഷമേ പണം വിതരണം ചെയ്യുകയുള്ളൂ. ചുരുക്കത്തിൽ, ആപ്പിളിന്റെ പിഴവ് കാരണം അമേരിക്കയിലെ ഉപയോക്താക്കൾക്ക് കോടികളുടെ നഷ്ടപരിഹാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഐഫോൺ ഉപയോക്താക്കൾക്ക് ഈ ആനുകൂല്യത്തിന്റെ ഭാഗമാകാൻ കഴിയില്ല.








