ജനനേന്ദ്രിയം മുറിഞ്ഞ് വസ്ത്രത്തിൽ ചോരയുമായി രസിക്, വേദനയില്ലെന്ന മുഖഭാവം; യുവസന്യാസിയുടെ ജീവനെടുത്തത് ലഹരിയോ? 

Spread the love

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവനത്തിലെ പ്രേമാനന്ദ് മഹാരാജിന്റെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിൽ യുവസന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ കുഴങ്ങി പോലീസ്. കഴിഞ്ഞ മാസം, സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് മഹാരാജിന്റെ ശിഷ്യനായ രസിക് ദുലാരി എന്ന പേരിൽ അറിയപ്പെടുന്ന ദീപക് ലോധി എന്ന 25-കാരൻ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചത്.

 

 

പ്രാഥമിക അന്വേഷണത്തിൽ ഇതൊരു ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ, സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും സിസിടിവി ദൃശ്യങ്ങളും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സംഭവത്തിന് തൊട്ടുമുമ്പ് രസിക് ദുലാരിയുടെ നീക്കങ്ങൾ എന്തൊക്കെയായിരുന്നുവെന്നും, ആ സമയത്ത് അദ്ദേഹത്തിന്റെ മാനസിക-ശാരീരിക അവസ്ഥ എന്തായിരുന്നുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് മഥുര പോലീസ് ഇപ്പോൾ.

 

രസിക് ദുലാരിയുടെ രക്തസാമ്പിളുകൾ പോലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരണം സംഭവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ശരീരത്തിൽ മയക്കുമരുന്നുകളോ ലഹരിവസ്തുക്കളോ മറ്റ് രാസപദാർത്ഥങ്ങളോ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മരണത്തിന് മുൻപ് സിസിടിവിയിൽ പതിഞ്ഞ രസിക് ദുലാരിയുടെ പെരുമാറ്റവും ശരീരഭാഷയും അന്വേഷണത്തിന്റെ പ്രധാന ഭാഗമായിട്ടുണ്ട്.

 

രസിക്കിന്റെ ശരീരത്തിൽ കണ്ടെത്തിയ ഗുരുതരമായ പരിക്കുകളും അതിനുശേഷമുള്ള സിസിടിവി ദൃശ്യങ്ങളിലെ അദ്ദേഹത്തിന്റെ നീക്കങ്ങളുമാണ് ഈ കേസിൽ ഏറ്റവും ദുരൂഹതയുണർത്തുന്ന കാര്യങ്ങൾ. അന്വേഷണ റിപ്പോർട്ടുകൾ അനുസരിച്ച്, രസിക് ദുലാരിയുടെ ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. മുറിയിൽ നിന്ന് പുറത്തിറങ്ങി നാലാം നിലയിലെ ടെറസിലേക്ക് പടികൾ കയറി പോകുമ്പോൾ രസിക്കിന്റെ വസ്ത്രങ്ങളിൽ രക്തക്കറകൾ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

 

 

അവിടെ അദ്ദേഹം കുറച്ചുനേരം ഇരിക്കുകയും അൽപസമയം കിടക്കുകയും ചെയ്തു. തുടർന്ന് എഴുന്നേറ്റ രസിക്, നിമിഷങ്ങൾക്കകം ടെറസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ജനനേന്ദ്രിയത്തിന്റെ പകുതിയോളം മുറിഞ്ഞുപോയിരുന്നിട്ടുപോലും, രസിക് ദുലാരിക്ക് യാതൊരുവിധ വേദനയോ പ്രയാസമോ അനുഭവപ്പെടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാനില്ലെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ആ സമയത്തെ അദ്ദേഹത്തിന്റെ മാനസിക-ശാരീരിക അവസ്ഥ എന്തായിരുന്നു എന്നത് മനസ്സിലാക്കാൻ പോലീസ് ശ്രമിക്കുന്നത്.

 

അപകടം നടക്കുന്ന സമയത്ത് അദ്ദേഹം പൂർണ ബോധവാനായിരുന്നോ? അതോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുടെയോ ലഹരിയുടെയോ സ്വാധീനത്തിലായിരുന്നോ? അതോ കടുത്ത മാനസിക സമ്മർദം അനുഭവിക്കുകയായിരുന്നോ? എന്നതെല്ലാം പോലീസിനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണ്. ഇതിന്റെയെല്ലാം ഉത്തരങ്ങൾ കേസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും. റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 10:25-ഓടെയാണ് രസിക് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. ഏകദേശം 10:36-ഓടെ അദ്ദേഹം ടെറസിൽ നിന്ന് താഴേക്ക് വീണ് മരിച്ചു.

 

ആശ്രമത്തിലെ ഫോൺ നിയന്ത്രണങ്ങളും ഒറ്റപ്പെടുത്തലും അന്വേഷണ നിഴലിൽ

 

ആശ്രമത്തിലെ ഫോൺ നിയന്ത്രണങ്ങളും ഒറ്റപ്പെടുത്തലുകളുമാണ് പോലീസിനെ കുഴയ്ക്കുന്ന മറ്റ് വശങ്ങൾ. പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, പ്രേമാനന്ദ് മഹാരാജിന്റെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും പുറംലോകവുമായി ബന്ധം പുലർത്തുന്നതിനും ശിഷ്യന്മാർക്ക് കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. ആശ്രമത്തിലെ നിയമങ്ങൾ പ്രകാരം, ഒരാൾ അവിടുത്തെ ശിഷ്യനോ അന്വേഷകനോ (seeker) ആയിക്കഴിഞ്ഞാൽ, അവരുടെ വ്യക്തിഗത മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും പകരം ആശ്രമത്തിൽനിന്നുതന്നെ പുതിയ ഫോണുകളും സിം കാർഡുകളും നൽകുകയും ചെയ്തിരുന്നു.

 

ഈ രീതിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് പോലീസ് ഇപ്പോൾ അന്വേഷിച്ചു വരികയാണ്. ഈ ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്നും, എന്തെങ്കിലും തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളോ റെക്കോർഡിങ് രീതികളോ അവിടെ നിലനിന്നിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ, ശിഷ്യന്മാരുടെ പക്കൽനിന്നും വാങ്ങിവെച്ചിരുന്ന വ്യക്തിഗത മൊബൈൽ ഫോണുകളെക്കുറിച്ചും അവരുടെ മുൻകാല ബന്ധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ എവിടെ, ആരുടെ പക്കലാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

ആശ്രമത്തിന് പുറത്തുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നതിനും ശിഷ്യന്മാർക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം പരിമിതപ്പെടുത്തുകയോ, പലപ്പോഴും പൂർണമായി വിലക്കുകയോ ചെയ്തിരുന്നു. ആശ്രമ അന്തേവാസികൾ തങ്ങളുടെ കുടുംബവുമായും പഴയ സുഹൃത്തുക്കളുമായും എത്രത്തോളം ബന്ധം പുലർത്തിയിരുന്നുവെന്നും, പുറംലോകത്തുനിന്ന് അവർ എത്രത്തോളം ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുകയാണ്.

 

യുവസന്യാസി മാനസികമായി അസ്വസ്ഥനായിരുന്നോ?

 

രസിക് ദുലാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമായി ഇത് മാറിയിരിക്കുകയാണ്. യുവസന്യാസി ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദമോ വിഷാദരോഗമോ അനുഭവിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, ഇക്കാര്യം അദ്ദേഹം കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വർഷങ്ങളായി അദ്ദേഹത്തെ അറിയാവുന്ന ആളുകളോട് തുറന്നു സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നോ? എന്നതെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.

 

 

ആശ്രമത്തിൽ ചേരുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും, ആശ്രമത്തിലെ അംഗമായശേഷം പെരുമാറ്റത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായതെന്നും കണ്ടെത്തുന്നത് അന്വേഷണത്തിലെ പ്രധാന വശമാണ്. അവസാന നാളുകളിൽ അദ്ദേഹം ആരോടൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ പഴയ മൊബൈൽ ഫോൺ, പുതിയ സിം കാർഡ്, കോൾ വിവരങ്ങൾ, ചാറ്റുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്.

 

ആശ്രമത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കകളോ മാനസിക സമ്മർദമോ പരാതികളോ രസിക് ദുലാരി പങ്കുവെച്ചിട്ടുണ്ടോ എന്നറിയാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ, രസിക് ദുലാരിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, അദ്ദേഹത്തിന്റെ മാനസിക-സാമൂഹിക പെരുമാറ്റം, ആശ്രമത്തിലെ ദിനചര്യകൾ, മൊബൈൽ-ഡിജിറ്റൽ ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് മഥുര പോലീസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 85 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *