പുനലൂർ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്. പുനലൂർ– മൂവാറ്റുപുഴ റോഡിൽ കൂടൽ ജംക്‌ഷനിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കലഞ്ഞൂർ ഐഎച്ച്ആർഡിയിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു രാവിലെ കോളജിലേക്കു പോകും വഴിയാണ് അപകടം.ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോവുകയായിരുന്നു കെ.ജയകുമാർ. എതിർദിശയിൽ വരികയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിനു മുന്നിലൂടെ വയോധികൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചു. വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക്
മറിയുകയായിരുന്നു.വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വയോധികന് കാര്യമായ പരുക്കുകളില്ല. കാറിലുണ്ടായിരുന്ന കെ.ജയകുമാറിനും പരുക്കില്ല. സംഭവത്തിനു പിന്നാലെ ജയകുമാർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.






