അബുദാബി: യുഎഇയിലേക്കാണോ? എങ്കില്‍ കൈവശം വെക്കാവുന്ന സിഗരറ്റുകളുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും അനുവദനീയമായ അളവില്‍ ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്. നിശ്ചിത പരിധിയില്‍ കൂടുതല്‍ അളവില്‍ ഇവ കൊണ്ടുവന്നാല്‍ കസ്റ്റംസ് തീരുവ നല്‍കേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
18 വയസ്സും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് 400 സിഗരറ്റുകള്‍ വരെയോ, 50 സിഗാറുകള്‍ വരെയോ, അല്ലെങ്കില്‍ 500 ഗ്രാം പുകയിലയോ കൊണ്ടുവരാമെന്ന് ദുബൈ കസ്റ്റംസ് വ്യക്തമാക്കി. എന്നാല്‍, ഇത് ബാധകമായ കസ്റ്റംസ് ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും. കസ്റ്റംസ് തീരുവ നല്‍കാതെ ദുബൈയിലേക്ക് കൊണ്ടുവരാവുന്ന മറ്റ് സാധനങ്ങളെക്കുറിച്ചും, രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവാദമില്ലാത്ത (നിരോധിക്കപ്പെട്ട) വസ്തുക്കളെക്കുറിച്ചും അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
ദുബൈയിലേക്ക് എത്ര സിഗരറ്റുകള്‍ കൊണ്ടുവരാം?
ദുബൈ കസ്റ്റംസിന്റെ ‘ഡ്യൂട്ടി-ഫ്രീ’ (തീരുവ രഹിത) ഇളവുകള്‍ പ്രകാരം, 18 വയസ്സും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് താഴെ പറയുന്നവ കൊണ്ടുവരാം:
400 സിഗരറ്റുകള്‍ വരെ.
50 സിഗാറുകള്‍ വരെ.
500 ഗ്രാം വരെ പുകയില (പൈപ്പുകളിലും മറ്റും ഉപയോഗിക്കുന്നവ ഉള്‍പ്പെടെ).
ഈ പരിധിയില്‍ കൂടുതല്‍ അളവില്‍ സാധനങ്ങള്‍ കൈവശം വെക്കുന്ന യാത്രക്കാര്‍, ബാധകമായ കസ്റ്റംസ് തീരുവ അടയ്ക്കേണ്ടി വരും. ഈ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ തീരുവ രഹിത ഇളവുകള്‍ ലഭിക്കുകയുള്ളൂ എന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു. കൊണ്ടുവരുന്ന സാധനങ്ങളും സമ്മാനങ്ങളും വ്യക്തിപരമായ ഉപയോഗത്തിനുള്ളതായിരിക്കണം. വാണിജ്യപരമായ അളവില്‍ ആകാന്‍ പാടില്ല.
യാത്രക്കാര്‍ ഇടയ്ക്കിടെ യാത്ര ചെയ്യുന്നവരും, വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി സാധനങ്ങള്‍ കൊണ്ടുവരുന്നവരും ആകാന്‍ പാടില്ല. യാത്രാ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ഇളവുകള്‍ക്ക് അര്‍ഹതയില്ല. സിഗരറ്റുകളോ മദ്യമോ അനുവദനീയമായ അളവില്‍ കൈവശം വെക്കുന്നതിന് യാത്രക്കാര്‍ക്ക് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം.








