ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയില്‍ പന്ത്രണ്ട് വയസുകാരി നാല് വയസുകാരനെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊന്നു. മന്ദ്‌സൗറിലെ ഷംഗഢ് പ്രദേശത്തെ കോളനിയിലാണ് അയല്‍വാസിയായ ആണ്‍കുട്ടിയെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി ടെറസിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ വീടിന് അടുത്ത് അവളുടെ അമ്മാവന്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലെ താമസക്കാരായിരുന്നു നാല് വയസുകാരന്റെ കുടുംബം. ആണ്‍കുട്ടിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. പന്ത്രണ്ടുവയസുകാരി ഈ കുട്ടികളോടൊപ്പം കളിക്കുന്നത് പതിവായിരുന്നു.
ഒക്ടോബര്‍ 24ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നാല് വയസുകാരനെ കാണാതായി. വീട്ടുകാര്‍ ആണ്‍കുട്ടിക്കായി പ്രദേശം മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അയല്‍വാസികളോടെല്ലാം പ്രദേശത്തെ കിണറുകളും കുളങ്ങളുമടക്കം തിരയാന്‍ ആവശ്യപ്പെട്ടു. പൊലീസ് പറഞ്ഞതനുസരിച്ച് അയല്‍വാസികള്‍ അവരുടെ വീടുകളിലെയും സമീപത്തെയും ജലാശയങ്ങളിലെല്ലാം ആണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തി.
പന്ത്രണ്ടുവയസുകാരിയുടെ അച്ഛനും തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. എല്ലായിടത്തും തിരച്ചില്‍ നടത്തുന്നതിനൊപ്പം അദ്ദേഹം തന്റെ വീടിന്റെ ടെറസിലുള്ള വാട്ടര്‍ ടാങ്കും പരിശോധിക്കാന്‍ തീരുമാനിച്ചു. വലിയ സിമന്റ് സ്ലാബുകൊണ്ട് അടച്ച വാട്ടര്‍ ടാങ്കായിരുന്നു അത്. അടഞ്ഞുകിടക്കുന്നതുകൊണ്ട് അതിലുണ്ടാകില്ലെന്ന് അദ്ദേഹം കരുതിയെങ്കിലും വെറുതെ ഒന്ന് നോക്കിയേക്കാമെന്ന് തീരുമാനിച്ചു. അപ്പോഴേക്കും കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. എന്തായാലും അദ്ദേഹം വാട്ടര്‍ ടാങ്കിന്റെ സ്ലാബ് നീക്കി. അകത്തേയ്ക്ക് നോക്കിയതും ഞെട്ടിപ്പോയി. നാല് വയസുകാരന്റെ മൃതദേഹം ടാങ്കിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു.
സ്ലാബ് കൊണ്ട് മൂടിയതിനാൽ കുട്ടി അബദ്ധത്തില്‍ ടാങ്കില്‍ വീണതല്ലെന്ന് പൊലീസിന് വ്യക്തമായി. ആരോ കുട്ടിയെ തള്ളിയിട്ടതാണ്. അതാരാണെന്ന് കണ്ടെത്താനായി പൊലീസിന്റെ അടുത്ത ശ്രമം.
നാല് വയസുകാരനെ പതിവായി ആരുടെയൊക്കെ കൂടെയാണ് കാണാറുള്ളതെന്ന് അന്വേഷിച്ചു. അവരില്‍ മൃതദേഹം കാണപ്പെട്ട വാട്ടര്‍ ടാങ്കുള്ള വീട്ടിലെ പന്ത്രണ്ടുവയസുകാരി പെണ്‍കുട്ടിയും ഉണ്ടെന്ന് മനസിലായി. അന്വേഷിച്ചപ്പോള്‍ അവസാനമായി ആണ്‍കുട്ടിയെ കണ്ടതും പന്ത്രണ്ടുവയസുകാരിക്കൊപ്പമാണെന്ന് അറിഞ്ഞു. അതോടെ പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. അധികംനേരം പിടിച്ചുനില്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. നാലുവയസുകാരനെ കൊന്നത് താനാണെന്ന് അവള്‍ സമ്മതിച്ചു.
ഏകദേശം രണ്ടാഴ്ച മുമ്പ് പന്ത്രണ്ട് വയസുകാരി ആണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. അന്ന് അവള്‍ ആണ്‍കുട്ടിയ്ക്ക് കൊടുത്തിരുന്ന ചോക്ലേറ്റ് മിഠായി വാങ്ങിക്കഴിച്ചു. ഉടനെ ആണ്‍കുട്ടി സ്വന്തം അമ്മയോട് പരാതിപ്പെടുകയും അവര്‍ പെണ്‍കുട്ടിയെ ശകാരിക്കുകയും ചെയ്തു. അത് പെണ്‍കുട്ടിക്ക് വലിയ അപമാനമായി. അവള്‍ക്ക് ആണ്‍കുട്ടിയോട് കടുത്ത പകയുണ്ടായി. രണ്ടാഴ്ചയോളം അവള്‍ മനസില്‍ പകയുമായി നടന്നു. ആ പക ആണ്‍കുട്ടിയെ കൊല്ലണമെന്ന തീരുമാനത്തിലേക്കെത്തിച്ചു.
അങ്ങനെ ഒക്ടോബര്‍ 24ന് ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കൊലപാതകം നടത്താൻ പന്ത്രണ്ട് വയസുകാരി തീരുമാനിച്ചു. അവള്‍ നാല് വയസുകാരനെ ചോക്ലേറ്റ് തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി വാട്ടര്‍ ടാങ്കിലേക്ക് തള്ളിയിടുകയായിരുന്നു. എന്നിട്ട് സ്ലാബ് കൊണ്ട് മൂടുകയും ചെയ്തു.
ശ്വാസംമുട്ടിയാണ് ആണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ഒക്ടോബര്‍ 28ന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പന്ത്രണ്ടുവയസുകാരിയെ കോടതിയില്‍ ഹാജരാക്കി. കോടതി പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.








