ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്കായി വാട്സ്ആപ്പ് വഴിയുള്ള പുതിയ സേവനങ്ങള്‍ നിലവില്‍വന്നു. ഇനിമുതല്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ പിഎഫ് ബാലന്‍സും പാസ്ബുക്ക് വിവരങ്ങളും വളരെ എളുപ്പത്തില്‍ വാട്സ്ആപ്പ് വഴി പരിശോധിക്കാന്‍ സാധിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പഖ്യാപനപ്രകാരം, ഔദ്യോഗികമായി വെരിഫൈ ചെയ്ത വാട്സ്ആപ്പ് സേവനത്തിലൂടെയാണ് വരിക്കാര്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.
വാട്സ്ആപ്പില്‍ ലഭ്യമാകുന്ന പ്രധാന വിവരങ്ങള്‍
8796441800 എന്ന നമ്പരില്‍ ‘Hi’ എന്ന് മെസേജ് അയച്ച ശേഷം തുടര്‍ന്നു വരുന്ന ഓട്ടോമേറ്റഡ് റെസ്‌പോണ്‍സുകള്‍ വഴിയാണ് വിവരങ്ങള്‍ ലഭ്യമാകുക.
പിഎഫ് ബാലന്‍സ്: നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലെ നിലവിലെ ബാലന്‍സ് തുക അറിയാം.
അവസാന അഞ്ച് ഇടപാടുകള്‍: അക്കൗണ്ടില്‍ നടന്ന അവസാനത്തെ അഞ്ച് ട്രാന്‍സാക്ഷനുകളുടെ വിവരങ്ങള്‍ പരിശോധിക്കാം.
പാസ്ബുക്ക് വിവരങ്ങള്‍: പിഎഫ് പാസ്ബുക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണില്‍ ലഭിക്കും.
പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍: പിഎംവിബിആര്‍വൈ പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വ്യക്തിഗത സഹായങ്ങളും നിര്‍ദേശങ്ങളും ഈ സേവനം വഴി ലഭിക്കും.
പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുന്നതോടെ പിഎഫ് സംബന്ധമായ ചെറിയ ആവശ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഓഫീസുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഏറെപ്പേരും ഉപയോഗിക്കുന്ന വാട്സ്ആപ്പ് പ്ലാറ്റ്ഫോമില്‍ തന്നെ സേവനങ്ങള്‍ ലഭിക്കുന്നത് ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സേവനം നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇതിനകം സമൂഹമാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ പ്രതികരണം വന്നിട്ടുണ്ട്.








