അമരാവതി ∙ അന്തപുർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ കൊണ്ട് വിദ്യാർഥിനിയെ ആക്രമിച്ച പ്രതിക്ക് എൻകൗണ്ടറിൽ പരുക്ക്. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ ഹേമന്തിനെ (21) വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ആറു തവണ വെടിവച്ചു. ഗുരുതര പരുക്കേറ്റ പ്രതി ചികിത്സയിലാണ്.
ഹേമന്തിനെ എൻകൗണ്ടറിൽ വധിക്കണമെന്ന് ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ബന്ധുവാണ് ഹേമന്ത്. മറ്റൊരു വിദ്യാർഥിനിക്കും ഹേമന്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിനി ബെംഗളൂരുവിൽ ചികിത്സയിലാണ്. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം.
ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്ന് പരുക്കേറ്റ പെൺകുട്ടിയുടെ ബന്ധുക്കൾ എൻഡിടിവിയോട് പറഞ്ഞു. യുവാവിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. എങ്കിൽ ജാഗ്രത പുലർത്തുമായിരുന്നു. മുൻപ് ഭീഷണിയുണ്ടായിട്ടില്ല. പെട്ടെന്നാണ് സ്കൂൾ വളപ്പിൽ കയറി ആക്രമിച്ചത്. പെൺകുട്ടി അപകട നില തരണം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു. അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.








