ന്യൂഡൽഹി∙ വിമാനനിരക്ക് കുത്തനെ ഉയർന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ രൂക്ഷമായ മറുപടിയുമായി സുപ്രീം കോടതി. ‘‘വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് എടുക്കൂ’’ എന്ന് അഭിഭാഷകനോടു വ്യക്തമാക്കിയതിനുശേഷം ജസ്റ്റിസ് വിക്രം നാഥ് അടുത്ത കേസിലേക്ക് കടന്നു. വിമാനടിക്കറ്റ് നിരക്കിൽ 700% വരെ വർധനവുണ്ടായിട്ടുണ്ടെന്നു കാണിച്ച് അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അപ്പോഴാണ് ജഡ്ജിയുടെ പ്രതികരണം.
വിമാനയാത്ര ഒരു അവശ്യസേവനമാണെന്നും നിരക്കിലെ അനിയന്ത്രിതമായ വർധനവ് തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനു മറുപടിയായാണു കോടതിയുടെ രൂക്ഷ വിമർശനം.
വിമാന ടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും യാത്രക്കാരെ സംരക്ഷിക്കാനുമായി സ്വതന്ത്രവും ഫലപ്രദവുമായ ഒരു നിയന്ത്രണസംവിധാനം വേണമെന്നാവശ്യപ്പെട്ടു സാമൂഹിക പ്രവർത്തകനായ എസ്. ലക്ഷ്മിനാരായണൻ നേരത്തെ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു.








