2006 ഒക്ടോബർ 20. രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ജയിലുകളിലൊന്നായ തിഹാർ ജയിൽ. അതിനു സമീപമുള്ള ഹരിനഗർ പൊലീസ് സ്റ്റേഷനിലേക്ക് രാവിലെ ആറരയോടെ ഒരു ഫോൺ കോൾ വന്നു. ‘‘നിങ്ങൾ തിഹാർ ജയിലിനു മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയ പൊലീസുകാർ ഒന്നിനും കൊള്ളില്ല. ജയിലിനു മുന്നിൽ ഞാനൊരു മൃതദേഹം കൊണ്ടുവച്ചിട്ടും അവർ ഒന്നും അറിഞ്ഞിട്ടില്ല’’– ഇതായിരുന്നു ഫോണിലെ സന്ദേശം. എന്താണ് സംഭവിച്ചതെന്ന് കൂടുതൽ അന്വേഷിക്കുന്നതിന് മുൻപ് മറുതലയ്ക്കലുള്ളയാൾ ഫോൺ കട്ട് ചെയ്തു. പെട്ടെന്ന് തന്നെ പൊലീസ് തിഹാർ ജയിലിലെ ഉദ്യോഗസ്ഥരെ വിളിച്ച് കാര്യം അറിയിച്ചു. ജയിലിന് പുറത്തേയ്ക്ക് ഓടിവന്ന പൊലീസുകാർ ജയിലിന്റെ മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ ഒരു കുട്ടയിരിക്കുന്നതാണ് കണ്ടത്. സാധാരണ ഡൽഹിയിലെ പച്ചക്കറി കച്ചവടക്കാരും പഴകച്ചവടക്കാരുമൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ളൊരു കുട്ടയായിരുന്നു അത്. പെട്ടെന്ന് തന്നെ അവർ അത് തുറന്നു. ഒരു നൈലോൺ ചാക്കായിരുന്നു ആദ്യം അവർ കണ്ടത്. ചാക്കിന്റെ കെട്ടഴിച്ചപ്പോൾ അതിനുള്ളിൽ പഴയ പത്രങ്ങളും പ്ലാസ്റ്റിക് കവറുകളുമെല്ലാം കുത്തിനിറച്ചിരിക്കുന്നു. അതിനുള്ളിൽ തലയില്ലാത്തൊരു മനുഷ്യന്റെ മൃതദേഹം. ആ മൃതദേഹത്തിനടുത്ത് പൊലീസിനായി ഒരു കത്തും ഉണ്ടായിരുന്നു. ഞാനാണ് കൊലയാളി, പറ്റുമെങ്കിൽ എന്നെ കണ്ടെത്തൂ…
∙ സ്റ്റേഷന് മുന്നിൽ തലയില്ലാത്ത മൃതദേഹം
ഹരിനഗർ പൊലീസാണ് കേസ് അന്വേഷിച്ചത്. ചാക്കിൽ പൊതിഞ്ഞ മൃതദേഹം ഏകദേശം 25നും 30നും ഇടയിൽ പ്രായമുള്ള ഒരു പുരുഷന്റേതാണെന്ന് പരിശോധനയിൽ വ്യക്തമായി. ചാരനിറത്തിലുള്ള ഒരു നൈലോൺ കയറുകൊണ്ട് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. അടിവസ്ത്രം മാത്രമായിരുന്നു അയാളുടെ ശരീരത്തിലുണ്ടായിരുന്നത്.
മൃതദേഹത്തിനടുത്ത് ഒരു കത്ത്, പിന്നാലെ പൊലീസിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തൽ. പൊലീസിനെ പോലും വകവെക്കാത്ത പ്രതിയെ എത്രയും പെട്ടെന്ന് തന്നെ പിടികൂടാനായി അന്വേഷണ സംഘം തീരുമാനിച്ചു. അതിനുള്ള ഊർജിത ശ്രമവും അവർ തുടങ്ങി. എന്നാൽ മരിച്ചതാരാണെന്ന് അറിയാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതി ഫോൺ ചെയ്ത ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം മുന്നോട്ടു പോയത്.
നാങ്കൽ റായ് എന്ന സ്ഥലത്ത് നിന്നാണ് പൊലീസിന് ആദ്യ ഫോൺ വന്നത്. രണ്ടാമത്തേത് തിലക് നഗർറില്‍നിന്ന്. കൊലയാളിയെ അന്വേഷിച്ച് തിലക് നഗറിലെ എസ്ടിഡി ബൂത്തിലേക്കാണ് പൊലീസ് സംഘം ആദ്യം പോയത്. ഏതാണ്ട് 28നു 30നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവാവ് ഇവിടെ നിന്ന് ഫോൺ ചെയ്തിരുന്നെന്നും അയാളെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമെന്നും എസ്‌ടിഡി ബൂത്തിലെ ജീവനക്കാരൻ പറഞ്ഞു. അയാൾ നൽകിയ വിവരങ്ങളുപയോഗിച്ച് പൊലീസ് പ്രതിയുടെ രേഖാചിത്രം വരച്ചു.
∙ വീണ്ടും മൃതദേഹങ്ങൾ, വെല്ലുവിളി
2007 ഏപ്രിൽ 25ന് രാവിലെ ജയിലിന് മുന്നിൽ നിന്ന് വീണ്ടും മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ തല മാത്രമല്ല, കൈകാലുകളും ജനനേന്ദ്രിയവുമെല്ലാം വെട്ടിമാറ്റിയിരുന്നു. തീസ് ഹസാരി കോടതിയുടെ സമീപത്ത് നിന്നാണ് വെട്ടിമാറ്റിയ കൈകാലുകൾ പൊലീസ് കണ്ടെത്തിയത്. 2007മേയ് 18നാണ് തിഹാർ ജയിലിന് മുന്നിൽ നിന്ന് സമാന രീതിയിൽ മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്. ഇത്തവണ ഒരു കത്തും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. ഏതാണ്ട് മൂന്നുനാല് പേജായിരുന്നു ആ കത്തുണ്ടായിരുന്നത്.
എസ്ടിഡി ബൂത്തിലെ കടക്കാരൻ പറഞ്ഞ വിവരങ്ങളുപയോഗിച്ച് വരച്ച പ്രതിയുടെ ചിത്രവുമായി ഡൽഹി മുഴുവൻ പൊലീസ് സംഘം സഞ്ചരിച്ചു. പലർക്കും പ്രതിയുടെ ചിത്രം കാണിച്ചു. അവസാനം ആസാദ്പൂർ മണ്ഡിയിലുള്ള ഒരു ഡോക്ടറെ കാണാൻ ഏതാണ്ട് ഇതേരൂപമുള്ള ഒരാൾ വരാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഡോക്ടറെ ചോദ്യം ചെയ്തതിൽ നിന്ന് ചന്ദ്രകാന്ത് ഝായാണ് പ്രതിയെന്ന് പൊലീസിന് മനസ്സിലായി. 2007 മേയ് 20ന് പൊലീസ് ചന്ദ്രകാന്തിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ചന്ദ്രകാന്ത് കുറ്റസമ്മതവും നടത്തി.
∙ കൊലപാതകത്തിന് കാരണം പക
1967-ൽ ബിഹാറിലെ മാതേപൂരിലെ ഗോസായി ഗ്രാമത്തിലാണ് ചന്ദ്രകാന്ത് ജനിച്ചത്. ജലസേചന വകുപ്പിൽ ജോലി ചെയ്തിരുന്ന രാധേകാന്ത് ഝായും സ്‌കൂള്‍ അധ്യാപികയായിരുന്ന ചമ്പാദേവിയുമാണ് മാതാപിതാക്കൾ. ചന്ദ്രകാന്തിന് 5 സഹോദരങ്ങളുണ്ട്. കർക്കശക്കാരിയും അൽപം ദേഷ്യക്കാരിയുമായിരുന്നു ചന്ദ്രകാന്തിന്റെ അമ്മ. ജോലിയ്ക്ക് പോകുന്നതിനാൽ വീട്ടിൽ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. ചന്ദ്രകാന്തിന്റെ കുട്ടിക്കാലത്തെ ഇത് വല്ലാതെ ബാധിച്ചു. എട്ടാം ക്ലാസ് കഴിഞ്ഞതോടെ അവൻ പഠനം ഉപേക്ഷിച്ചു. മാതാപിതാക്കളുടെ അവഗണനയിൽ വളർന്ന ചന്ദ്രകാന്ത്, ഒടുവിൽ ഗ്രാമം വിട്ട് മറ്റെവിടെയെങ്കിലും പോയി ജോലിചെയ്യാൻ തീരുമാനിച്ചു. അങ്ങനെ സ്വന്തമായി പണമുണ്ടാക്കാനായി 1986ൽ അവന്‍ ഡൽഹിയിലേക്ക് വണ്ടി കയറി.
ബിഹാറി കുടിയേറ്റക്കാരനെന്ന് വിളിച്ച് ഡൽഹിയിൽ പലരും ചന്ദ്രകാന്തിനെ കളിയാക്കാൻ തുടങ്ങി. ഇതിനിടെ ചന്ദ്രകാന്തും പണ്ഡിറ്റ് എന്നയാളുമായി തർക്കമുണ്ടായി. ആ സമയത്ത് പച്ചക്കറി മുറിക്കുന്ന കത്തികൊണ്ട് അബദ്ധത്തിൽ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കയ്യിൽ മുറിവേൽപ്പിച്ചു. പണ്ഡിറ്റ് പൊലീസിൽ പരാതിയും നല്‍കി. പിന്നാലെ 1988 ഒക്ടോബർ 20-ന് പൊലീസ് ചന്ദ്രകാന്തിനെതിരെ കേസെടുത്തു. ആ കേസിന്റെ പേരിൽ 3 വർഷമാണ് ചന്ദ്രകാന്തിന് ജയിലിൽ കഴിയേണ്ടി വന്നത്. അവിടെ വച്ച് ബൽബീർ സിങ് എന്നൊരു പൊലീസ് ഉദ്യോഗസ്ഥൻ അവനെ നിരന്തരം മർദിച്ചു. ഇതോടെ നിയമസംവിധാനത്തിനും പൊലീസിനുമെതിരെയുമെല്ലാം ചന്ദ്രകാന്തിന്റെ മനസ്സിൽ ദേഷ്യം വളർന്നു തുടങ്ങി.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ചന്ദ്രകാന്ത് പണ്ഡിറ്റിനെ കൊലപ്പെടുത്തി. അതൊരു തുടക്കം മാത്രമായിരുന്നു. തന്റെ കണ്ണിൽ നല്ലവരല്ലെന്ന് തോന്നുന്നവരെയെല്ലാം ചന്ദ്രകാന്ത് തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. ഇരകളായി കണ്ടെത്തുന്നവരുമായി ആദ്യം സൗഹൃദം സ്ഥാപിക്കും. പിന്നാലെ ഹൈദർപൂരിലുള്ള തന്റെ വീട്ടിലേക്ക് അവരെ ക്ഷണിച്ചുവരുത്തി കൈകാലുകൾ കെട്ടിയിട്ട ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തും. ഇതായിരുന്നു ചന്ദ്രകാന്തിന്റെ രീതി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണം കഷ്ണമായി വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിക്കും. ഒരു ഭാഗം തിഹാർ ജയിലിനു മുന്നിലും. ശരീരഭാഗങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കാൻ സ്വന്തം ഇലക്ട്രിക് വാഹനമാണ് അയാൾ ഉപയോഗിച്ചിരുന്നത്. കൊലപ്പെടുത്തിയവരുടെ തല യമുനയിൽ എറിയും. അവർക്ക് മോക്ഷം കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞിരുന്നത്.
2006 ഒക്ടോബറിലാണ് അമിത് എന്ന അനിൽ മണ്ഡലിനെ ചന്ദ്രകാന്ത് െകാലപ്പെടുത്തുന്നത്. പണം ധൂർത്തടിച്ചതും അനുവാദമില്ലാതെ തന്റെ മകളെ പുറത്തു കൊണ്ടുപോയതുമായിരുന്നു അയാളോടുള്ള ദേഷ്യത്തിന് കാരണം.
ചന്ദ്രകാന്തിന്റെ മറ്റൊരു സഹപ്രവർത്തകനായിരുന്നു ഉപേന്ദർ ആയിരുന്നു അടുത്ത ഇര. 2007 ഏപ്രിലിലായിരുന്നു കൊലപാതകം. ഉപേന്ദറിന്റെ രീതികൾ ശരിയല്ലെന്ന് പറഞ്ഞായിരുന്നു ആ കൊലപാതകം. 2007 മെയ് 18-ന് ദിലീപിനെ കൊലപ്പെടുത്തിയതായിരുന്നു അവസാനത്തെ കേസ്. മാംസാഹാരം കഴിച്ചതിനും തന്നോട് കള്ളം പറഞ്ഞതിന്റേയും പേരിലാണ് ദിലീപിനെ ചന്ദ്രകാന്ത് വകവരുത്തിയത്.
3 കേസുകളാണ് പൊലീസ് കണ്ടെത്തിയതെങ്കിലും മറ്റു നാലുപേരെ കൂടി താൻ കൊലപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ചന്ദ്രകാന്ത് വെളിപ്പെടുത്തിയിരുന്നു. 1998ൽ പണ്ഡിറ്റ് എന്ന മംഗൾ, 2003ൽ ശേഖർ, ഉമേഷ്, 2005ൽ ഗുണ്ടു എന്നിവരെ താൻ കൊലപ്പെടുത്തിയെന്ന് അയാൾ വെളിപ്പെടുത്തി.
2013 ജനുവരിയിൽ ചന്ദ്രകാന്ത് ഝാ മൂന്ന് കൊലപാതക കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ കുറ്റം അപൂർവങ്ങളിൽ അപൂർവം എന്ന് വിലയിരുത്തി കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, 2016 ജനുവരിയിൽ ഡൽഹി ഹൈക്കോടതി ഈ വധശിക്ഷ ഇളവുചെയ്ത് ജീവിതകാലം മുഴുവൻ ജയിൽവാസം എന്ന ശിക്ഷയായി മാറ്റി. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇയാൾക്ക് യാതൊരു ഇളവുകളും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.







