മുംബൈ ∙ മഹാരാഷ്ട്രയിലെ കാശിഗാവിൽ പാർട്ടിയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17കാരിയെ നിർബന്ധിച്ച് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതി ഉൾപ്പെടെ നാലുപേർക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ പരാതി പ്രകാരം, 25 വയസ്സുകാരിയായ സുഹൃത്ത് ശീതൾ രാത്രി ഒൻപത് മണിയോടെ പെൺകുട്ടിയെ വിളിച്ചുവരുത്തുകയും പിയൂഷ് താക്കൂർ, ദുഷ്യന്ത് സിങ്, അഹത് ഖാൻ എന്നീ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ വിനയ് നഗറിലുള്ള അഹത് ഖാന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീട് ശീതളും പിയൂഷും ഫ്ലാറ്റിനു താഴേക്ക് പോയ തക്കത്തിന്, അർധരാത്രി മുതൽ പുലർച്ചെ ആറ് മണി വരെയുള്ള സമയത്ത് ഖാനും ദുഷ്യന്തും ചേർന്ന് പെൺകുട്ടിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ തന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ച് ഗ്രാം തൂക്കമുള്ള സ്വർണമാല പ്രതികൾ കവർന്നതായും പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു.
രാത്രിയായിട്ടും മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ നാലുപേരും നിലവിൽ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.








