കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇന്‍വെന്ററി) തയാറാക്കണമെന്ന് ഹൈക്കോടതി. വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ പട്ടിക വേണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം നല്‍കിയത്.
ക്ഷേത്രത്തിലെ സ്വര്‍ണവും രത്‌നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
നിലവില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മുംബൈയിലെ എസ്ബിഐ ബുള്ളിയന്‍ ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെന്ന് ദേവസ്വം അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ കമ്മട്ടത്തില്‍ എത്തിച്ച് ശുദ്ധീകരിച്ചശേഷമാണ് ഇവ നിക്ഷേപിക്കുന്നത്. എന്നാല്‍, രത്‌നങ്ങള്‍ പതിപ്പിച്ച കിരീടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിച്ച അതേപടി സൂക്ഷിക്കുകയാണെന്നും ഇവയുടെ തൂക്കം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ദേവസ്വം വ്യക്തമാക്കി. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും.






