തിരുവനന്തപുരം: ബീമാപളളി ആസാദ് നഗറിന് സമീപം വീട്ടിൽ കയറി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബീമാപളളി സ്വദേശി മാഹീൻകണ്ണ് (20) ആണ് പൂന്തുറ പോലീസിന്റെ പിടിയിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാലേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് മോഷണം പോയത്. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ടാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ആസാദ് നഗർ സ്വദേശിനി രാജിലയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച (20-11-26)രാത്രി കുടുംബം ബീമാപളളി ഉറൂസിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച. അർധരാത്രിയോടെ എത്തിയ മോഷ്ടാക്കൾ വീടിന്റെ പിൻവശത്തെ ജനൽ തുറന്ന് കതകിന്റെ കുറ്റി നീക്കി അകത്തുകയറുകയായിരുന്നു. തുടർന്ന് അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു.
ശനിയാഴ്ച(21-11-26) പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുടുംബം മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. സി.ഐ. അജിത്കുമാറിന്റെയും എസ്.ഐമാരായ എസ്.എസ്. ശ്രീജിത്ത്, എസ്. നിതിൻ, ബിജുകുമാർ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാഹീൻകണ്ണ് പിടിയിലായത്.






