മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച് കടുത്ത ദുരിതത്തിലൂടെ കടന്നുപോയ വ്യക്തിയാണ് താനെന്ന് ഗായകൻ സലീം കോടത്തൂർ. രോഗം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായും നഷ്ടമായെന്നും എട്ട് മാസത്തെ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. കടുത്ത ശാരീരിക, മാനസിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ആ കാലയളവിൽ കടന്നുപോയതെന്നും സലീം കോടത്തൂർ പറഞ്ഞു.
പത്ത് വർഷം മുമ്പ് കാസർകോട് നിന്നുള്ള സുഹൃത്ത് വഴിയാണ് ഈ ക്രീം ലഭിച്ചതെന്ന് സലീം ഓർത്തെടുക്കുന്നു. “മറ്റൊരു പാട്ടുകാരൻ നിറം വെച്ചത് കണ്ടപ്പോൾ എന്താണ് ഉപയോഗിച്ചതെന്ന് ചോദിച്ചറിഞ്ഞാണ് ഞാനും അത് വാങ്ങിയത്. നിയമപരമായ കാരണങ്ങളാൽ ക്രീമിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഏകദേശം ഒന്നൊന്നര ബോട്ടിൽ ഉപയോഗിച്ചപ്പോൾ തന്നെ നല്ല നിറം വെച്ചു. എന്നാൽ ഒന്നര മാസം കഴിഞ്ഞതോടെ മൂത്രത്തിൽ അണുബാധ അനുഭവപ്പെടുകയും ഒന്നര മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വരികയും ചെയ്തു. പിന്നീട് കൺപോളകളിലും കാലുകളിലും നീര് വരികയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. മൂത്രത്തിൽ പത കാണാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ നിന്ന് അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്,” സലീം വ്യക്തമാക്കി.
വൃക്കകളോ രക്തമോ തകരാറിലാകാൻ സാധ്യതയുണ്ടെന്നും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നത്. നാല് മാസം കൊണ്ട് രോഗം മൂർച്ഛിക്കുകയും മരുന്നുകൾ ഫലിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു. എല്ലാ മാസവും മൂന്ന് ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വന്നു. ആളുകൾക്കിടയിലേക്ക് ഇറങ്ങാൻ പോലും കഴിയാത്തവിധം മുഖം കരിവാളിക്കുകയും പല്ലുകൾ എടുത്തുമാറ്റേണ്ടി വരികയും ചെയ്തു. എല്ലാവരുടെയും പ്രാർത്ഥന കൊണ്ടും എട്ട് മാസത്തെ ചികിത്സ കൊണ്ടുമാണ് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് രോഗം ഭേദമായത്. എങ്കിലും ഇപ്പോഴും കടുത്ത ക്ഷീണവും ഉറക്കമില്ലായ്മയും അലട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മലപ്പുറത്ത് വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർദ്ധക വസ്തുക്കളാണ് വകുപ്പ് പിടിച്ചെടുത്തത്.






