തൊടുപുഴ: വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിർത്താതെ എക്‌സൈസ് ഇൻസ്‌പെക്ടറെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കടവൂർ പുന്നമറ്റം കുരിശിങ്കൽ വീട്ടിൽ ടെൻസ് (23), കുമാരമംഗലം മുത്താരംകുന്ന് തുരുത്തുംമാലിൽ രോഹിത് (22) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച (നവംബർ 20) വൈകീട്ട് 6.30-ഓടെ കുമാരമംഗലം പാറഭാഗത്ത് മാട്ടുപ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. തൊടുപുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ലീജോ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തുന്നതിനിടെ, പാറ ഭാഗത്തുനിന്ന് മൈലക്കൊമ്പ് ഭാഗത്തേക്ക് വന്ന ബൈക്ക് പരിശോധനയ്ക്കായി കൈകാണിച്ചു നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിർത്താതെ മുന്നോട്ടുപോയ ബൈക്ക് ഇൻസ്‌പെക്ടർ ലീജോ ഉമ്മനെ ഇടിച്ചുതെറിപ്പിക്കുകയും കാലിനുമുകളിലൂടെ കയറിയിറങ്ങുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞുവീണ് പ്രതികൾക്കും പരിക്കേറ്റു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാക്കളുടെ പക്കൽനിന്ന് ഏഴ് ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് കൈവശം വെച്ചതിന് സ്റ്റേഷൻ ജാമ്യം നൽകിയെങ്കിലും, ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ വധശ്രമക്കുറ്റം ചുമത്തി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.






