തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന പെട്രോളിലെ എഥനോൾ അളവ് കൃത്യമായി കണ്ടെത്താനുള്ള സർക്കാർ പരിശോധനയിൽ അനിശ്ചിതത്വം. താരതമ്യ പഠനത്തിനായി കലർപ്പില്ലാത്ത ശുദ്ധമായ പെട്രോൾ നൽകാൻ എണ്ണ കമ്പനികൾ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ആധുനിക രീതിയായ ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനയ്ക്കായി സർക്കാർ കിറ്റുകളടക്കം വാങ്ങിയിരുന്നെങ്കിലും, ശുദ്ധമായ പെട്രോൾ നൽകാൻ ചട്ടമില്ലെന്നാണ് എണ്ണ കമ്പനികളുടെ നിലപാട്. ഈ സാഹചര്യത്തിൽ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ലാബുകൾ തയ്യാറെടുക്കുന്നത്. വരുന്ന ആഴ്ച തന്നെ പരിശോധന പൂർത്തിയാക്കി ഫലം പുറത്തുവിട്ടേക്കും.
രാജ്യത്ത് പെട്രോളിൽ അനുവദനീയമായ എഥനോളിന്റെ അളവ് 20 ശതമാനമാണ്. എന്നാൽ അടുത്തിടെ കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ പെട്രോളിൽ 31 ശതമാനം എഥനോൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കേരളത്തിലും പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനയ്ക്കായി ഓയിൽ കമ്പനികളിൽ നിന്ന് വരുത്തിയ കിറ്റുകൾ മൂന്ന് ദിവസം മുൻപ് എത്തിയിരുന്നു. എന്നാൽ താരതമ്യ പരിശോധനയ്ക്ക് അനിവാര്യമായ ശുദ്ധമായ പെട്രോൾ നൽകാൻ കഴിയില്ലെന്ന് കമ്പനികൾ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
പരമ്പരാഗത പരിശോധനയിൽ എഥനോൾ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ, കോടതിയെ സമീപിച്ച് കമ്പനികളിൽ നിന്ന് ശുദ്ധമായ പെട്രോൾ ലഭ്യമാക്കാനുള്ള നിയമനടപടികളിലേക്ക് സർക്കാർ കടന്നേക്കും. കർണാടകയിലെ പരിശോധന ശാസ്ത്രീയമല്ലെന്ന വാദം ഉയർത്തിയാണ് കേന്ദ്ര സർക്കാരും എണ്ണ കമ്പനികളും നേരത്തെ ആ ഫലം തള്ളിക്കളഞ്ഞത്. കേരളത്തിലും പരമ്പരാഗത പരിശോധന നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര നിലപാട് എന്തായിരിക്കുമെന്നത് നിർണ്ണായകമാണ്. കൃത്യമായ അളവ് കണ്ടെത്തുന്നത് തടയാനുള്ള എണ്ണ കമ്പനികളുടെ കുറുക്കുവഴിയാണ് ശുദ്ധമായ പെട്രോൾ നൽകാത്തതിന് പിന്നിലെന്ന വിമർശനവും ശക്തമാകുന്നുണ്ട്.






