ജോധ്പുർ ∙ രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു വിവാഹത്തിനു വേദിയായി. വരൻ നാഗ്പുർ സ്വദേശി മൂലാറാം ഭാട്ടി (33), വധു മുംബൈ സ്വദേശി സീമ ഘട്സെ (31). ഇരുവരും കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവർ. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു തടവുകാരുടെ വിവാഹം.
ഏതാനും മണിക്കൂറേക്ക് ജയിൽ വിവാഹ മണ്ഡപമായി. കയ്യാമത്തിനു പകരം വധൂവരന്മാരുടെ കയ്യിൽ വരണമാല്യങ്ങൾ. പുരോഹിതൻ ചൊല്ലിയ വിവാഹമന്ത്രങ്ങളുടെ അകമ്പടിയോടെ ഇരുവരും ഫേര പൂർത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരുമടക്കം 21 പേർ മാത്രം സാക്ഷിയായി.
കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന മുലാറാമിനെയും സീമയെയും നല്ല നടപ്പ് കണക്കിലെടുത്താണ് മണ്ഡോറിലെ തുറന്ന ജയിലിലേക്ക് മാറ്റിയത്. തുടർന്ന് ഇരുവരും പരിചയത്തിലും പരിചയം പിന്നീട് പ്രണയമായും വളർന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തടവുകാരായതിനാൽ അതിന് കോടതിയുടെ അനുമതി ആവശ്യമായിരുന്നു. അതോടെ ഇരുവരും രാജസ്ഥാൻ ഹൈക്കോടതി സമീപിച്ചു. വിവിധ നിയമവശങ്ങൾ പരിശോധിച്ച ശേഷം ജഡ്ജിമാരായ പി.എസ്.ഭാട്ടി, പ്രവീർ ഭട്ട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹത്തിന് അനുമതി നൽകി. പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നത് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.
അയൽക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് 2017ൽ മൂലാറാം ശിക്ഷിക്കപ്പെട്ടത്. നേരത്തെ വിവാഹിതയായ സീമ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.





