മുംബൈ ∙ 150ലേറെ അധ്യാപകർ എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നതായി കാണിച്ചു സർക്കാർ ശമ്പളം വാങ്ങിയ കേസിൽ ബിജെപി നേതാവും പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പ് മേധാവിയുമായ സഞ്ജയ് ഗരുഡ് (67) അറസ്റ്റിലായി. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സഹായത്തോടെ അധ്യാപകരുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ജൽഗാവിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഇയാൾ 2024ലാണ് എൻസിപി ശരദ് വിഭാഗം വിട്ടു ബിജെപിയിൽ ചേർന്നത്.
തട്ടിപ്പിനെക്കുറിച്ചു ഡോ.ചന്ദ്രകാന്ത് പുൽകുന്ദ്‌വാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു (എസ്ഐടി) അന്വേഷണം നടത്തുന്നത്. 3,000 കോടി രൂപയുടെ തട്ടിപ്പാണു നടന്നതെന്നും ഇതുവരെ 200ലേറെ സ്കൂളുകൾക്കു പങ്കുണ്ടെന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. 1,200 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ ഐഡികൾ നിർമിക്കാൻ ഒത്താശ ചെയ്ത ജൽഗാവ് മുൻ വിദ്യാഭ്യാസ ഓഫിസർ ശശികാന്ത് ഹിംഗോണേക്കർ നേരത്തേ അറസ്റ്റിലായിരുന്നു. തട്ടിപ്പിൽ പങ്കാളികളായ എല്ലാവരെയും പിടികൂടുമെന്നു മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു.








