മുന്നോട്ടെടുത്ത ബസിന് മുന്നിൽ കയറി കൈകൾ വിരിച്ചുപിടിച്ച് യാത്ര തടഞ്ഞ ഭോപ്പാലിലെ വനിതാ പോലീസ് ഓഫീസറുടെ ധീരത ചർച്ചയാക്കി സോഷ്യൽ മീഡിയ. ഭോപ്പാൽ എ.സി.പി. മൗനിക ശുക്ലയാണ് ആ ‘ലേഡി സിങ്കം.’ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള കർഷക പ്രതിഷേധത്തിനിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കർഷകർ ബസ് മുന്നോട്ട് നീക്കാൻ ശ്രമിച്ചപ്പോൾ, യാതൊരു ഭയവുമില്ലാതെ എ.സി.പി. മൗനിക ശുക്ല ബസിന് തൊട്ടുമുന്നിൽ കയറി നിൽക്കുകയും ബസ് തടയുകയുമായിരുന്നു.
എ.സി.പി. മുന്നിൽ നിൽക്കുന്നത് കണ്ടതോടെ കർഷകർ ബസ് ഉപേക്ഷിച്ചു. താൻ ചെയ്തതിൽ അസാധാരണമായി ഒന്നുമില്ലെന്ന് മൗനിക പറഞ്ഞു. ‘ക്രമസമാധാന പാലനത്തിലെ പരിചയംവെച്ച് ഏത് സാഹചര്യത്തെയും എങ്ങനെ നേരിടണമെന്ന് അറിയാം. പ്രതിഷേധക്കാർ ബസ് മുന്നോട്ട് കൊണ്ടുപോകുന്നത് തടയാൻ ബസിന് മുന്നിൽ നിൽക്കാതെ സാധിക്കില്ല. എനിക്ക് ഭയം തോന്നിയില്ല. ചെയ്യേണ്ടത് ചെയ്തു.’ ശുക്ല പറഞ്ഞു.
പ്രതിഷേധക്കാർ കുറ്റവാളികളല്ലെന്ന് വാദിച്ച ശുക്ല, ഏത് തരത്തിലുള്ള പ്രതിഷേധത്തെയും നേരിടുമ്പോൾ പോലീസ് സംയമനം പാലിക്കണമെന്നും കൂട്ടിച്ചേർത്തു. “നമ്മൾ സംയമനത്തോടെ പ്രവർത്തിക്കണം. പ്രതിഷേധക്കാർ കുറ്റവാളികളല്ല. അവർ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരാണ്. ആ സമയത്ത് കർഷക പ്രക്ഷോഭകരുടെ നേതാക്കൾ ആരുമുണ്ടായിരുന്നില്ല, ധാരാളം ആളുകൾ തലസ്ഥാനത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. നഗരത്തിൽ ഒന്നും സംഭവിക്കാതെ നോക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമായിരുന്നു. നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കുക മാത്രമായിരുന്നു എന്‍റെ ലക്ഷ്യം.”
ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിച്ച മൗനിക, ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞു. എന്നാൽ, അത് സമാധാനപരമായ രീതിയിൽ, നിയമത്തിന്‍റെ പരിധിയിൽ, പൊതുജനത്തിന്‍റെ ജീവിതം തടസ്സപ്പെടുത്താതെ നടത്തണം.
ഓഫീസറുടെ മനക്കരുത്തിനെയും ധൈര്യത്തെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് വീഡിയോ പങ്കുവെക്കുന്നത്.








