ദുബൈയിൽ റൂം ഷെയറിങ്ങ് നിയന്ത്രണം; ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ

Spread the love

ദുബൈ: ദുബൈയിൽ ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നതിനും വാടകക്ക് എടുത്ത കെട്ടിടങ്ങൾ മറ്റുള്ളവർക്ക് അുനുമതിയില്ലാതെ കൊടുക്കുന്നതിനും (സബ്‌ലെറ്റിങ്) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതിയ നിയമം ആഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ. വാടക കുറക്കുന്നതിനായി പ്രവാസികൾ പൊതുവെ ഉപയോഗപ്പെടുത്തുന്ന രീതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നിയമം പുറപ്പെടുവിച്ചത്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.

 

അനുമതിയുള്ള ഷെയറിങ് രീതികൾ

 

കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ച് താമസിക്കുന്നത്

ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സഹ-താമസക്കാർ

സർക്കാരിന്റെ അംഗീകൃത പെർമിറ്റുള്ള ഷെയറിങ് അപ്പാർട്ട്‌മെന്റുകൾ.

നിരോധിച്ച ഷെയറിങ് രീതികൾ

 

ഉടമയുടെ അനുമതിയില്ലാതെ മുറികളോ ബെഡുകളോ വാടകയ്ക്ക് നൽകുന്നത്

അനുമതിയില്ലാതെ മുറികൾ വിഭജിച്ച് താത്കാലിക ഭിത്തികൾ നിർമിക്കുന്നത്

നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്നത്

അനധികൃത ബെഡ്‌സ്‌പേസുകളുടെ പരസ്യങ്ങൾ നൽകുന്നത്

എന്താണ് സബ്‌ലെറ്റിങ്?

 

പുതിയ നിയമത്തിലെ ഏറ്റവും നിർണായകമായ വ്യവസ്ഥ വാടകക്കാർക്ക് മേലുള്ള സബ്‌ലെറ്റിങ് വിലക്കാണ്. കെട്ടിട ഉടമയുടെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു വാടകക്കാരനും അപ്പാർട്ട്മെന്റോ അതിന്റെ ഭാഗങ്ങളോ മറ്റൊരാൾക്ക് സബ്‌ലീസ് ചെയ്യാനോ താമസിക്കാൻ നൽകാനോ പാടില്ല. നിങ്ങൾ വാടകയ്‌ക്കെടുത്ത ഒരു വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റിലെ മുറി മറ്റൊരാൾക്ക് പ്രതിമാസ വാടകയ്ക്ക് നൽകുകയാണെങ്കിൽ അത് സബ്‌ലെറ്റിങ്ങിന്റെ പരിധിയിൽ വരും. ഉടമയുടെ അനുമതിയില്ലാതെ ഇത് ചെയ്താൽ വാടകക്കരാർ ലംഘിച്ചതായി കണക്കാക്കി നിങ്ങൾക്കെതിരെ ഉടമയ്ക്ക് നിയമനടപടി സ്വീകരിക്കാം. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥർക്കോ അല്ലെങ്കിൽ ഉടമസ്ഥനിൽ നിന്ന് നേരിട്ട് അനുമതി ലഭിച്ച പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കോ മാത്രമേ ഇനി മുതൽ ഷെയറിങ് രീതിയിൽ റൂമുകൾ വാടകയ്ക്ക് നൽകാൻ അനുമതിയുള്ളൂ.

 

പുതിയ പെർമിറ്റുകൾ നിർബന്ധം

 

പുതിയ നിയമപ്രകാരം ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ലാന്റ് ഡിപ്പാർട്ട്‌മെന്റ് (DLD) എന്നിവയുടെ പ്രത്യേക പെർമിറ്റില്ലാതെ ഒരു കെട്ടിടവും ഷെയറിങ് അടിസ്ഥാനത്തിൽ നൽകാൻ പാടില്ല. കെട്ടിട ഉടമയ്ക്കോ അല്ലെങ്കിൽ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഷെയറിങ് യൂണിറ്റുകൾ വാടകയ്ക്ക് നൽകാൻ അധികാരമുള്ളൂ. സാധാരണയായി ഒരു വർഷം മുതൽ രണ്ട് വർഷത്തേക്കാണ് പെർമിറ്റ് നൽകുന്നത്. കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് പുതുക്കേണ്ടതുണ്ട്. താമസക്കാരുടെ എണ്ണത്തിലുള്ള പരിധി, ശുചിത്വം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പരിശോധിച്ച ശേഷമായിരിക്കും പെർമിറ്റുകൾ അനുവദിക്കുക.

 

പിഴകളും മറ്റ് ശിക്ഷാനടപടികളും

 

ആദ്യ ഘട്ടത്തിൽ 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. എന്നാൽ ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴത്തുക 10 ലക്ഷം ദിർഹമായി ഉയരും. പെർമിറ്റുകൾ റദ്ദാക്കൽ, വാണിജ്യ ലൈസൻസ് തടഞ്ഞുവെക്കൽ, വൈദ്യുതി-ജല സേവനങ്ങൾ വിച്ഛേദിക്കൽ, കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ തുടങ്ങിയ കർശന നടപടികൾ നിയമലംഘകർ നേരിടേണ്ടി വരും.

 

ഒരു വർഷത്തെ സാവകാശം

 

വസ്തു ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനായി ഒരു വർഷത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. 2027 ആഗസ്റ്റ് 26 വരെയാണ് ഈ സാവകാശം ലഭിക്കുക. ഇതിനു ശേഷമായിരിക്കും പിഴയും മറ്റ് കർശന നടപടികളും ആരംഭിക്കുകയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

 

ദുബൈയിലെ ലേബർ ക്യാമ്പുകൾ ഒഴികെയുള്ള സ്വകാര്യ-ഫ്രീസോൺ മേഖലകളിലെ മുഴുവൻ ഷെയറിങ് താമസ കേന്ദ്രങ്ങൾക്കും ഈ നിയമം ബാധകമാണ്.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *