പൊലീസ് കസ്റ്റഡിയിൽ ഉദയനിധി ചിരിച്ചു, പക്ഷേ ക്ലൈമാക്സിൽ പതിവ് പോലെ വിജയ് ഞെട്ടിച്ചു

Spread the love

ചെന്നൈ ∙ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ച് വീട്ടിൽനിന്നും ‘തൂക്കി’ എടുക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ ആദ്യമല്ല. അധികാരത്തിൽ തന്റെ സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്ന് വിജയുടെ ടിവികെ സർക്കാർ ഇന്ന് തെളിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവിനെ പൊലീസിനെ ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നത് രാഷ്ട്രീയ നേട്ടമാക്കാനാണ് ഡിഎംകെ ശ്രമിച്ചത്. എന്നാൽ ഡിഎംകെയുടെ ഈ കണക്കുകൂട്ടലുകൾക്ക് കുറച്ച് മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് വിജയ് സർക്കാർ നൽകിയത്.

 

കസ്റ്റഡിയിൽ എടുത്ത് വാഹനത്തിൽ വീടിനു പുറത്തേക്ക് എത്തിയപ്പോൾ ഉദയനിധി പ്രവർത്തകരെ ചിരിച്ചാണ് അഭിവാദ്യം ചെയ്തത്. തല പുറത്തേക്കിട്ട് മാധ്യമങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തഞ്ചാവൂർ വരെ ഉദയനിധിയെ പിന്തുടരാൻ വലിയ വാഹന വ്യൂഹവും ഡിഎംകെ നേതാക്കൾ ഒരുക്കി. ചെന്നൈ നഗര പരിധി കഴിയും വരെ ഡിഎംകെയുടെ മനക്കണക്കുകൾ പോലെയായിരുന്നു കാര്യങ്ങൾ നടന്നത്. ചെക്പോസ്റ്റിൽ വച്ച് പൊലീസ് ഉദയനിധിക്ക് പിന്നാലെ കൂടിയ ഡിഎംകെ നേതാക്കളുടെ വാഹനം തടഞ്ഞു. വീതിയേറിയ റോഡിൽ പൊലീസ് വാഹനങ്ങൾ വേഗം കൂട്ടി. ഇതോടെ മാധ്യമങ്ങളുടെ ലൈവ് വാഹനങ്ങൾ ഉദയനിധിയെ ഒപ്പിയെടുക്കാൻ പിന്നാലെ കൂടി.

 

പൊലീസ് ഉദയനിധിയെ കസ്റ്റഡിയിൽ എടുക്കുന്നത് മുൻകൂട്ടി കണ്ട്, ഡിഎംകെ കോടതിയിൽ നീക്കം ന‍ടത്തിയിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ ആദ്യമേ ഹർജി നൽകി. ഇത് പരിഗണിച്ച കോടതി ഉച്ചയ്ക്ക് 12 വരെ അറസ്റ്റ് ചെയ്യരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ രാവിലെ ഉദയനിധിയുടെ ചെന്നൈ വസതിയിൽ പൊലീസ് സംഘം എത്തിയിരുന്നു. കോടതി പറഞ്ഞ സമയത്തിനും ഒന്നര മണിക്കൂർ മുൻപെ 11 മണിയോടെ ഉദയനിധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് പരിഗണിക്കുമ്പോള്‍ പൊലീസിന്റെ തിടുക്കം തിരിച്ചടിയാവുമെന്ന് കരുതിയവർക്കുള്ള ട്വിസ്റ്റാണ് പക്ഷേ ക്ലൈമാക്സിൽ ടിവികെ സർക്കാർ ഒരുക്കിയത്.

 

ഉച്ചയ്ക്ക് 2.15ന് മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോഴും ഉദയനിധിയുമായി പൊലീസ് വ്യൂഹം യാത്രയിലായിരുന്നു. എന്നാൽ കോടതിയിൽ സർക്കാർ അപ്രതീക്ഷിത നീക്കം നടത്തി. ഉദയനിധിയെ ചോദ്യം ചെയ്താൽ മതിയെന്നും റിമാൻഡ് ചെയ്യാൻ ആവശ്യപ്പെടില്ലെന്നുമായിരുന്നു സർക്കാരിനുവേണ്ടി ഹാജരായ എജി പറഞ്ഞത്. ഇതോടെ കോടതി നടപടികൾ വേഗം തീർന്നു. ചോദ്യം ചെയ്ത ശേഷം ഉദയനിധിയെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്. പൊലീസിനോട് കേസിൽ സഹകരിക്കണമെന്ന് ഉദയനിധിയോടും കോടതി ആവശ്യപ്പെട്ടു.

 

സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന പ്രവൃത്തി അനുവദിക്കില്ലെന്ന് വിജയ് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. തഞ്ചാവൂർ പ്രസംഗത്തിൽ ഉദയനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ് തുടങ്ങി ഒട്ടേറെ പാർട്ടി നേതാക്കൾ രംഗത്തുവന്നിരുന്നു. വിജയ്, തൃഷ എന്നിവരുടെ പേര് പരസ്യമായി തഞ്ചാവൂരിലെ പ്രസംഗത്തിൽ പറയാത്തത് ഉദയനിധിക്ക് കേസിൽ പിടിവള്ളിയാണ്. എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന രാഷ്ട്രീയ ആരോപണം കേസെടുത്തതിലൂടെ എതിരാളികൾക്ക് യുവനേതാവായ ഉദയനിധിക്ക് മേൽ ചാർത്താനാവും.

 

ഡിഎംകെയെ നേരിടാൻ താൻ എപ്പോഴും ഒരുക്കമാണെന്ന സന്ദേശവും ഉദയനിധിയെ വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തതിലൂടെ വിജയ് നൽകി. ടിവികെ അധികാരമേറ്റ് 3 മാസത്തിനകം അറസ്റ്റിലാവുന്ന മൂന്നാമത്തെ ഡിഎംകെ എംഎൽഎയാണ് ഉദയനിധി. വിലാത്തിക്കുളം എംഎൽഎ ജി.വി.മാർക്കണ്ഡേയൻ, തിരുച്ചെന്തൂർ എംഎൽഎ അനിത രാധാകൃഷ്ണൻ എന്നിവരാണ് ഉദയനിധിക്ക് മുൻപ് അറസ്റ്റിലായ ഡിഎംകെ എംഎൽഎമാർ. നാളെ മുതൽ തമിഴ്നാട് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഇന്ന് തമിഴ്‌നാട്ടിൽ നടന്ന രാഷ്ട്രീയ പോരിന്റെ തുടർഭാഗങ്ങൾ ഒരുപക്ഷേ അവിടെയും കാണാനാവും.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *