ന്യൂഡല്‍ഹി ∙ ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർപാർലർ ഉടമയ്ക്കു വിറ്റെന്ന് പരാതി. പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെ നാഗ്പുർ സ്വദേശിനിയായ 28 കാരിയാണ് പരാതി നൽകിയത്.
കഴിഞ്ഞ മാസമാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെയാണ് വീ മൈഗ്രേറ്റ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലിയാണ് സ്ഥാപനം വാഗ്ദാനം ചെയ്തത്. വീസയ്ക്കും മറ്റ് ചെലവുകൾക്കുമായി തട്ടിപ്പുകാർ യുവതിയിൽനിന്ന് പല തവണയായി 11 ലക്ഷം രൂപയും വാങ്ങി. പോർച്ചുഗലിലെത്തിയ യുവതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ഏജന്റുമാർ തട്ടിയെടുത്തു.
രണ്ടു ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചതായും യുവതി ആരോപിക്കുന്നു. പിന്നാലെ ഒരു ബീയർ ഷോപ്പിന്റെ ഉടമയ്ക്കു വിറ്റു. നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്നും ശാരീരിക, മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നെന്നും പീഡനം തുടർന്നതോടെ പാസ്പോർട്ട് തിരികെ നൽകാൻ പറഞ്ഞപ്പോൾ പണം ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
അവിടെനിന്നു പുറത്തുകടക്കാനായപ്പോൾ യുവതി റോഡ് മാർഗം ലിസ്ബണിലും പിന്നീട് മഡ്രിഡിലുമെത്തി. തുടർന്ന് ദോഹ വഴി ഇന്ത്യയിലെത്തി. അപ്പോൾ സംഘം മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തരില്ലെന്ന് അറിയിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് യുവതി പരാതിയുമായി പുണെ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വീ മൈഗ്രേറ്റ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പടെ എട്ട് പേർക്കെതിരെ കേസെടുത്തു. മനുഷ്യക്കടത്ത്, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.








