ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28) ആണ് മരിച്ചത്. കഴിഞ്ഞ 3 ന് നഗരത്തിലെ ഒരു മാളിന് സമീപമുണ്ടായ അപകടത്തിലാണ് പ്രിയങ്കയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. പ്രിയങ്കയുടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നാലെ കുടുംബാംഗങ്ങളും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മാളിലെ സുരക്ഷാ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനു ശേഷം മടങ്ങിയ രണ്ടു യുവാക്കൾ സഞ്ചരിച്ച കാർ പ്രിയങ്കയുടെ സ്കൂട്ടറിനെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചിരുന്നു. അപകടത്തിൽ പ്രിയങ്കയുടെ സുഹൃത്തിനും പരിക്കേറ്റിരുന്നു. പ്രിയങ്കയെ ആദ്യം രാജമുണ്ട്‌റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കും വെന്റിലേറ്റർ സഹായത്തിനുമായി ഹൈദരാബാദിലേക്ക് മാറ്റുകയുമായിരുന്നു. പ്രിയങ്കയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നെങ്കിലും ആരോഗ്യനില വഷളാവുകയും പിന്നീട് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.
കാറിലുണ്ടായിരുന്ന സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവർ അപകടസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷി മൊഴികൾ, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ പരുക്കേൽപ്പിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം ഇരുവർക്കുമെതിരെ ആദ്യം കേസെടുത്തിരുന്നു. പിന്നീട് നരഹത്യ കൂടി കൂട്ടിച്ചേർത്തു. സംഭവം മെഡിക്കൽ വിദ്യാർഥികൾക്കും വിദ്യാർഥി സംഘടനകൾക്കുമിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുറ്റക്കാർക്കെതിരെ അവർ കർശന നടപടി ആവശ്യപ്പെട്ടു.








