ജയ്സാല്‍മര്‍ ∙ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു. പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്‌വാളിന് ഒരു വർഷം മുമ്പ് സ്ഥലം വിറ്റ വകയിൽ 5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ ഒരു മുറി പണിയാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ പണം മോഷണം പോകുമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ചിലവഴിച്ചു കളയുമോ എന്നു ഭയന്ന അദ്ദേഹം ആരോടും പറയാതെ പണം ഒളിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒരു രാത്രി മാംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി, തന്റെ പാടത്ത് ഒരു കുഴിയെടുത്ത് കുഴിച്ചിട്ടു. എന്നാൽ, മദ്യപാന ശീലവും ഓർമക്കുറവുമുണ്ടായിരുന്ന മാംഗിലാലിന് പിന്നീട്, മുറി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോൾ, താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓർമിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങളോളം അദ്ദേഹം പണത്തിനായി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹം ഭാര്യയോടും മക്കളോടും കുഴിച്ചിട്ട പണത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അവർ വിശ്വസിച്ചില്ലെങ്കിലും പിന്നീട് തിരച്ചിലിൽ പങ്കുചേർന്നു. അവരുടെ ശ്രമങ്ങൾക്കിടയിലും പണം കണ്ടെത്താനായില്ല. ഒടുവിൽ അവർ ശ്രമം ഉപേക്ഷിച്ചു. ഇതേക്കുറിച്ച് അവർ മറ്റാരോടും പറഞ്ഞില്ല.
ഏകദേശം ഒരു വർഷത്തിനു ശേഷം, മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടം വിതയ്ക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി രാത്രി ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ, കുഴിച്ചിട്ട ബാഗ് പുറത്തുവന്നു. ഇരുട്ടായതിനാൽ അന്ന് ആരും അത് ശ്രദ്ധിച്ചില്ല. പിറ്റേന്ന് രാവിലെ മാംഗിലാലിന്റെ ഭാര്യയും മകനും പാടത്തിന് ചുറ്റുമുള്ള വേലി നന്നാക്കുന്നതിനിടെ കീറിപ്പറിഞ്ഞതും കേടുപാടുകൾ സംഭവിച്ചതുമായ ബാഗ് ശ്രദ്ധയിൽപ്പെട്ടു. അത് തുറന്നപ്പോൾ, ചിതലുകൾ തിന്ന് നശിപ്പിക്കപ്പെട്ട നിലയിലായിരുന്ന 500 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം മണ്ണിൽ കുഴിച്ചിട്ടിരുന്ന പണം ചിതലുകൾ തിന്ന് തുണ്ടുകളായി മാറിയിരുന്നു.
കേടുവന്ന നോട്ടുകൾ ശേഖരിച്ച് കുടുംബം പച്പദ്രയിലെ ബാങ്കിന്റെ ശാഖയിൽ എത്തിച്ചു. എന്നാൽ, നോട്ടുകളുടെ അവസ്ഥ പരിഗണിച്ച് ബാങ്ക് അവ സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് അവർ ബലോത്രയിലെ ബാങ്കിന്റെ പ്രധാന ശാഖയിൽ പോയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. ജയ്‌പൂരിലെ ബാങ്കിനെ സമീപിക്കാൻ കുടുംബത്തിന് നിർദ്ദേശം ലഭിച്ചെങ്കിലും നിരക്ഷരനും സാമ്പത്തികമായി ദുർബലനുമായ മാംഗിലാലിന് ജയ്‌പൂരിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. പണത്തെക്കുറിച്ച് മാംഗിലാൽ നേരത്തെ തന്നോട് പറഞ്ഞിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം ഒഴിവാക്കാമായിരുന്നു എന്ന് ഭാര്യ പ്രതികരിച്ചു. പണം രഹസ്യമാക്കി വച്ചതിനും പാടത്ത് കുഴിച്ചിട്ടതിനും മക്കളും അദ്ദേഹത്തെ കുറ്റപ്പെടുത്തി. സ്ഥലം വിറ്റു ലഭിച്ച പണം മുഴുവൻ നഷ്ടമായത് ഉൾക്കൊള്ളാനാവാതെ വിഷമത്തിലാണ് കുടുംബം.








