ന്യൂഡൽഹി ∙ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമ ഭേദഗതി രാജ്യസഭ പാസാക്കി. യുപിഐക്ക് യാതൊരുവിധ നികുതിയും ചുമത്തില്ലെന്നും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം സൗജന്യമായി തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ലോക്സഭയും ബിൽ പാസാക്കിയിരുന്നു.
ഉപഭോക്താക്കൾ യുപിഐ ചാർജ് നൽകേണ്ടി വരില്ലെന്ന് മന്ത്രി പറഞ്ഞു. യുപിഐ അവതരിപ്പിച്ചത് മുതൽ ഉപഭോക്താക്കൾക്ക് സൗജന്യമാണ്. ഇടപാടുകൾക്ക് ചാർജ് നൽകാതെ ഡിജിറ്റൽ പേയ്‌മെന്റ് തുടർന്നും ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ യുപിഐ ഇടപാടുകൾക്കു വ്യാപാരികളിൽ നിന്നു ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കാൻ വഴിതുറക്കുന്ന ഭേദഗതി അടങ്ങിയതാണ് ബിൽ.
നിലവിൽ, യുപിഐ, റൂപേ ഡെബിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെന്റുകൾക്ക് ഉപഭോക്താക്കളിൽനിന്ന് നേരിട്ടോ അല്ലാതെയോ ചാർജ് ഈടാക്കാൻ ബാങ്കുകൾക്കും പേയ്‌മെന്റ് സിസ്റ്റം പ്രൊവൈഡർമാർക്കും സാധിക്കില്ല. ഏതൊക്കെ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളും ഇടപാടുകളുമാണ് സൗജന്യമായി തുടരേണ്ടതെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകുന്നതാണ് പുതിയ ബിൽ.
പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്നു ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ഈടാക്കുന്നതാണു മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ). ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും എംഡിആർ ഉണ്ടെങ്കിലും ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതൽ യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും ഇത് ഈടാക്കുന്നില്ല. എംഡിആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലെത്താം എന്ന ആശങ്കയാണ് ഉയരുന്നത്.








