ഹൈദരാബാദ് ∙ ഓൺലൈൻ ടാക്സി സർവീസായ റാപിഡോയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ സമീപിച്ച് ബൈക്ക് യാത്രികൻ. ഹൈദരാബാദിലെ ചാർമിനാറിനടുത്തുവച്ചാണ് രാത്രി ഒൻപത് മണിയോടെ റാപിഡോ ഡ്രൈവറായി ചമഞ്ഞ് ബൈക്കിയാത്രികൻ സമീപിച്ചതെന്ന് സിദ്ധി എന്ന യുവതി ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു. ഓട്ടോ കാത്ത് നിൽക്കുമ്പോഴാണ് ബൈക്ക് യാത്രികൻ റാപിഡോ ജീവനക്കാരനായി എത്തിയതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി ആരോപിക്കുന്നു.
റാപിഡോയുടെ ബൈക്ക് സേവനം യുവതി ഉപയോഗിക്കുമായിരുന്നില്ല. എന്നാൽ ഓട്ടോ ഉൾപ്പെടെയുള്ള സേവനങ്ങൾ മുൻപും ഉപയോഗിച്ചിട്ടുണ്ട്. ബൈക്ക് യാത്രികനോട് യുവതി കമ്പനി നൽകുന്ന ഐഡി കാർഡ് ചോദിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. തുടർന്ന് ഇയാളുടെ വിഡിയോ യുവതി ഫോണിൽ റെക്കോർഡ് ചെയ്തു. റജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത വാഹനമാണ് ഇയാൾ ഉപയോഗിച്ചത്. രാത്രിയിൽ ഓൺലൈൻ യാത്രാ സേവനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത കാണിക്കണമെന്ന് കൂടുതൽ പേരും കമന്റ് ബോക്സിൽ അഭിപ്രായപ്പെട്ടു.








