ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ പ്രസ് മീറ്റിന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത്, അവിടെനിന്നാണ് താൻ തുടങ്ങുന്നതെന്നും റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും വേദലക്ഷ്മി അവകാശപ്പെട്ടു. റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് വേദലക്ഷ്മി ചൂണ്ടിക്കാട്ടി. 2019-ൽ ബിഗ് ബോസിൽ വരുന്നതിന് മുൻപാണ് റോബിനുമായി ആദ്യമായി സംസാരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും അയച്ച പഴയ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി വേദലക്ഷ്മി പങ്കുവെച്ചു. സ്വന്തം ഇമേജ് സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയത്. കള്ളങ്ങൾ ഓരോന്നായി പൊളിക്കുമെന്നും മാസങ്ങൾക്ക് മുൻപേ തന്നെ താൻ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോയതാണെന്നും വേദലക്ഷ്മി വിഡിയോയോടൊപ്പം കുറിച്ചു.
‘‘അങ്ങനെ നല്ല ഒരു തുടക്കം എന്തായാലും കിട്ടിയിട്ടുണ്ട്, റോബിൻ രാധാകൃഷന്റെ പ്രസ് മീറ്റ്. അതിൽ പറഞ്ഞിരിക്കുന്ന കള്ളങ്ങൾ ഓരോന്നായിട്ടു എനിക്ക് തെളിയിക്കാൻ പറ്റും, തെളിവുൾപ്പടെ എനിക്ക് കാണിക്കാൻ പറ്റും. റോബിന്റെ ആദ്യത്തെ കള്ളം ഞാൻ ഏറെ സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് ഈ വ്യക്തിയെ അറിയാവുന്നത് വേറെ ആരോ വഴിയാണ് എന്നാണ് പറയുന്നത്. പക്ഷേ എന്തൊക്കെ കള്ളം പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ എവിടെയും പോകില്ല. 2019ൽ ബിഗ് ബോസിൽ വരുന്നതിനു മുന്നേ തന്നെയാണ് ആദ്യത്തെ സംസാരം നമ്മൾ തമ്മിൽ ഉണ്ടായത്. അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിതിന്റെ സ്ക്രീൻഷോട്ടും ഞാൻ അയച്ചിട്ടുണ്ട് അതിൽ തന്നെ പറഞ്ഞിട്ടുണ്ട് വാട്സാപ്പിൽ മെസ്സേജ് അയച്ച കാര്യം. അതായിരുന്നു നമ്മുടെ ആദ്യത്തെ സംസാരം. നിങ്ങൾക്ക് ഓർമ്മ ഉണ്ടാകില്ല. ഇക്കാര്യം ശരിക്കും എനിക്ക് ഓർമയുണ്ടായിരുന്നില്ല, നേരിട്ട് കണ്ടപ്പോൾ ഇക്കാര്യം എന്നെ ഓർമിപ്പിച്ചത് റോബിനാണ്. അഞ്ചു വർഷങ്ങൾ കഴിഞ്ഞില്ലേ. പുള്ളിക്ക് പക്ഷേ ഓർമയുണ്ടായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് കള്ളങ്ങൾ പറയുമ്പോൾ അത് ഞാൻ പൊളിക്കുന്നത് നോക്കി ഇരുന്നോളൂ.’’ വേദ ലക്ഷ്മി പറയുന്നു
‘‘സത്യം പുറത്തുവരണമെന്നുള്ളതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നത്.സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുമ്പോൾ, അതിനെ അപകീർത്തിപ്പെടുത്താനും കൃത്രിമം കാണിക്കാനും ശ്രദ്ധതിരിക്കാനും നിശ്ശബ്ദമാക്കാനും എപ്പോഴും ശ്രമങ്ങളുണ്ടാകും. എന്നാൽ എത്രയൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തിയാലും ആസൂത്രിതമായ മാനിപ്പുലേഷനുകൾ നടത്തിയാലും സത്യത്തെ മാറ്റാൻ കഴിയില്ല.
(മാസങ്ങൾക്ക് മുൻപ് തന്നെ ഞാൻ നിയമപരമായി മുന്നോട്ടുപോയതാണ്. ഞാൻ സ്ഥലത്തില്ലെന്നും ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയാണെന്നും അറിഞ്ഞുകൊണ്ടാണ് അയാൾ പരാതിയുമായി നടക്കുന്നത്. ഇപ്പോൾ കാണിക്കുന്നത് ഈ നാടകവും! നിങ്ങൾക്ക് ധാരാളം സമയമുണ്ടാകും, എന്നാൽ എനിക്കതില്ല. അതുകൊണ്ട് എന്റെ വിലപ്പെട്ട സമയം ലാഭിക്കാൻ ഇതിനൊരു ശാശ്വത പരിഹാരം കാണുകയാണ്.)’’’ എന്ന കുറിപ്പോടെയാണ് വേദ ലക്ഷ്മി വിഡിയോ പങ്കുവച്ചത്.
‘‘റോബിന്റെ പ്രസ്മീറ്റ് നിങ്ങൾ എല്ലാവരും കണ്ടുകാണും എന്ന് കരുതുന്നു. കാണാത്തവർ ഇപ്പോൾ തന്നെ പോയി കാണുക അല്ലെങ്കിൽ നിങ്ങൾക്ക് ഇതൊന്നും മനസിലാകില്ല. ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു, റോബിൻ എവിടെ നിർത്തുന്നോ അവിടെനിന്ന് ഞാൻ തുടങ്ങും എന്ന്. അപ്പോൾ ഇന്നലത്തെ പ്രസ് മീറ്റ് നടത്തണമെന്നുള്ളതും അതിൽ പറയുന്നത് നിങ്ങൾ എല്ലാവരും കേൾക്കണമെന്നുള്ളതും എന്റെ ആവശ്യം ആയിരുന്നു.
തുടർന്ന് വേദ ലക്ഷ്മി അബിൽ ദേവും റോബിനുമായുള്ള ചാറ്റ് ആണ് പുറത്തുവിടുന്നത്. ചാറ്റിൽ ഒരു വിഡിയോ ഉണ്ടായിരുന്നു . വിഡിയോയിൽ റോബിൻ പറയുന്നത് ഇങ്ങനെയാണ്.
‘‘നമസ്കാരം ഞാൻ റോബിൻ രാധാകൃഷ്ണൻ. എനിക്ക് കുറച്ചു പണം വേണമായിരുന്നു, ഒരു 90000 രൂപ. അബിൽ ബ്രോ എനിക്കത് തരുമെന്ന് എനിക്കറിയാം കാരണം വളരെ നല്ല തങ്കപ്പെട്ട മനുഷ്യനാണ് അബിൽ ബ്രോ. അതുകൊണ്ട് ദൈവത്തെ ഓർത്ത് കനിയണം. ഒരു എമർജൻസി സിറ്റുവേഷനാണ് ഒന്ന് ഹെൽപ്പ് ചെയ്യണം. 27 ആം തീയതി രാത്രി പത്തുമണിക്കകത്ത് ഞാൻ അത് തിരിച്ചു അയച്ചേക്കാം. എനിക്കൊരു 90000 രൂപ ഒന്ന് ഹെൽപ്പ് ചെയ്യണം പ്ലീസ്, ഇതൊരു റിക്വസ്റ്റ് ആണ്. പിന്നെ സീസൺ ഏയ്റ്റിന് ആശംസകൾ. നീ ഒരു വിന്നർ ആയി വരട്ടെ , ഈ സഹോദരന്റെ ആശംസകൾ.’’
വിഡിയോയ്ക്ക് ശേഷം ഈ വിഡിയോ മുഴുവൻ കാണണെ, സഹായിക്കണേ എന്നൊക്കെ റോബിൻ പറയുന്നുണ്ട്. ‘റോബിൻ നീ എന്തൊക്കെയാണ് അയയ്ക്കുന്നത്’ എന്നാണ് അബിൽ ദേവ് മറുപടി നൽകിയിരിക്കുന്നത്. അപ്പോൾ റോബിൻ പറയുന്നത്, ‘എനിക്ക് നിങ്ങളേ ഉള്ളൂ സഹായിക്കാൻ’ എന്നാണ്. ‘‘പറ്റുന്നത് എല്ലാം ഞാൻ നിനക്ക് ചെയ്തു തന്നു , ഇപ്പോൾ പൈസ ഇല്ല’’ എന്നാണ് അബിൽ ദേവിന്റെ മറുപടി. എന്നാൽ വീണ്ടും റോബിൻ രാധാകൃഷ്ണൻ പണം ചോദിക്കുകയും “തരുന്നത് ഇന്ന് രാത്രി തിരിച്ചു തന്നില്ലെങ്കിൽ എന്റെ അച്ഛൻ എസ്. രാധാകൃഷ്ണൻ അല്ല” എന്നും പറയുന്നുണ്ട്. വീണ്ടും വീണ്ടും റോബിൻ പണം ചോദിക്കുകയും അബിൽ പണം ഇല്ല എന്നുമാണ് പറയുന്നത്.








