ന്യൂയോർക്ക് ∙ പിതാവ് ഹോർഹെ മെസ്സിയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് വികാരനിർഭരമായ സമൂഹമാധ്യമ കുറിപ്പ് ലയണൽ മെസ്സി പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ ക്രിസറ്റ്യാനോ റൊണാൾഡോയും തന്റെ അനുശോചനം രേഖപ്പെടുത്തി.‘‘ഈ വിഷമവേളയിൽ ലിയോയ്ക്കും കുടുംബാംഗങ്ങൾക്കും എന്റെ സ്നേഹാലിംഗനം. തളരാതിരിക്കൂ’’ – എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുടെ കുറിപ്പിനു താഴെ കമന്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ കമന്റ്. ഇന്‍സ്റ്റഗ്രാമില്‍ കൂടുതൽ ലൈക്കുകൾ ലഭിച്ച കമന്റായി ഇതു മാറി. ഇതുവരെ 6.5 ദശലക്ഷത്തോളം ലൈക്കുകളാണ് കമന്‍റ് ഇതുവരെ നേടിയത്. റൊണാൾഡോയുടെ തന്നെ റെക്കോർഡാണ് താരം തിരുത്തിയെഴുതിയത്.. 2024ല്‍ കിലിയന്‍ എംബപെ റയല്‍ മഡ്രിഡുമായി കരാറിലെത്തിയപ്പോൾ അഭിനന്ദനമറിയിച്ച് റൊണാൾഡോയിട്ട കമന്‍റ് 6 ദശലക്ഷം പേരാണ് ലൈക് ചെയ്തത്.
ഡേവിഡ് ബെക്കാം, നെയ്മാർ ജൂനിയർ തുടങ്ങിയവരും മെസ്സിയുടെ കുറിപ്പിനു താഴെ അനുശോചന സന്ദേശമെഴുതിയിരുന്നു. തനിക്ക് ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് അറിയില്ലെന്നു പറയുന്നതാണ് മുപ്പത്തിയൊമ്പതുകാരനായ മെസ്സിയുടെ കുറിപ്പ്. ‘‘എനിക്ക് ആകെ അറിയാവുന്നതു ഫുട്ബോൾ കളിക്കാനാണ്. ചെറുപ്പം മുതൽ എന്റെയൊപ്പമുണ്ടായിരുന്ന പിതാവ് ഇപ്പോഴില്ല. ഇനി എത്രകാലം ഇങ്ങനെ മുന്നോട്ടു പോകാനാകുമെന്ന് അറിയില്ല. കരിയറിന്റെ അവസാനത്തോട് ഏറെ അടുത്തിരിക്കുകയായിരുന്നു. നമുക്കൊന്നിച്ച് ഇത് അവസാനിപ്പിക്കാൻ കുറച്ചുകൂടി കാത്തിരുന്നുകൂടായിരുന്നോ?’’–മെസ്സിയുടെ കുറിപ്പിൽ പറയുന്നു.
മെസ്സിയുടെ വളർച്ചയിലും പ്രഫഷനൽ ഉയർച്ചയിലും ഒപ്പമുണ്ടായിരുന്ന പിതാവായിരുന്നു താ രത്തിന്റെ ഏജന്റായും പ്രവർത്തിച്ചിരുന്നത്. യുഎസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കൊപ്പം നാലാം സീസൺ കളിക്കുന്ന മെസ്സിയുടെ വിരമിക്കൽ സൂചനയാണ് സമൂഹമാധ്യമ കുറിപ്പെന്നു സംശയമുയർന്നിരുന്നു. 2028 വരെയാണ് നിലവിൽ മെസ്സിക്ക് ഇന്റർ മയാമിയുമായി കരാറുള്ളത്.








