ന്യൂഡൽഹി ∙ മാർച്ച്–ജൂലൈ കാലയളവിൽ, ഓൺലൈൻ ഉള്ളടക്കം വിലക്കുന്നതിനായി ഓരോ 68 സെക്കൻഡിലും ശരാശരി ഒരു ഉത്തരവെങ്കിലും രാജ്യത്ത് ഏതെങ്കിലുമൊരു സർക്കാർ ഏജൻസി പുറപ്പെടുവിച്ചതായി ‘ദി ഇന്ത്യൻ എക്‌സ്പ്രസി’ന്റെ റിപ്പോർട്ട്. വിയോജിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ഇതെന്ന് കോൺഗ്രസ് ആരോപിച്ചു.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രക്ഷോഭം ഈ സമയത്താണു നടന്നത്. സമരവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമൂഹമാധ്യമ ഉള്ളടക്കം നീക്കം ചെയ്യപ്പെട്ടിരുന്നു. 5 മാസത്തിനിടെ ആകെ 1.95 ലക്ഷം വിലക്ക് ഉത്തരവുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴി വിവിധ സർക്കാർ ഏജൻസികൾ പുറപ്പെടുവിച്ചത്. ഇതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾ ഉൾപ്പെടും. നീക്കം ചെയ്യപ്പെട്ടവയിൽ ഏറെയും സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണെന്നാണു വിവരം. പ്രതിദിനം ശരാശരി 1,275 ഉത്തരവുകളാണ് ഇത്തരത്തിൽ വിവിധ ഇന്റർനെറ്റ് കമ്പനികൾക്കു ലഭിച്ചിരുന്നത്. ഏതൊക്കെ സംസ്ഥാനങ്ങൾ എത്ര വീതം ഉത്തരവിറക്കിയെന്നു വ്യക്തമല്ല.
ഇൻസ്റ്റഗ്രാമിലാണ് ഏറ്റവും കൂടുതൽ ഉള്ളടക്കം വിലക്കപ്പെട്ടത്– ഒരു ലക്ഷത്തോളം. ഫെയ്സ്ബുക്കിന് 80,000 ഉത്തരവുകളും യുട്യൂബിന് 15,000 ഉത്തരവുകളുമാണ് ലഭിച്ചത്. 2024 ഒക്‌ടോബർ മുതൽ 2025 ഒക്‌ടോബർ വരെ ആകെ 2,312 ഉത്തരവുകളാണ് സഹയോഗ് പോർട്ടൽ വഴി നൽകിയത്. ഐടി നിയമത്തിലെ സെക‍്ഷൻ 79(3)(ബി) അനുസരിച്ചുള്ള വിലക്ക് ഉത്തരവുകൾ നൽകാനുള്ള ഏകീകൃത പോർട്ടലാണ് സഹയോഗ്.
നിയമവിരുദ്ധമായ ഉള്ളടക്കം വിലക്കുന്നതിനായി കോടതിയിൽനിന്നോ സർക്കാരിൽനിന്നോ ഉത്തരവു ലഭിച്ചാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കേണ്ട സമയം 36 മണിക്കൂറായിരുന്നത് 3 മണിക്കൂറായി കുറച്ചത് ഫെബ്രുവരിയിലാണ്. ഇതിനോട് അതിവേഗം പ്രതികരിക്കാനായി മെറ്റ ഓട്ടമേറ്റഡ് സംവിധാനം ഒരുക്കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, സർക്കാർ നൽകുന്ന ഏതൊരു നിർദേശവും മറ്റൊരു പരിശോധനയുമില്ലാതെ മെറ്റ അംഗീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.








