കോഴിക്കോട്/മലപ്പുറം ∙ കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. വയനാട് പെരുംതട്ട വാരിക്കോട്ട് മീത്തൽ വിനീത് കുമാറിനെ(45) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് – കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പോകുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സമീപത്തെ സീറ്റിലിരുന്ന പ്രതി ദേഹത്ത് സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ആയിരുന്നു എന്ന് വിദ്യാർഥിനി കൊണ്ടോട്ടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. പ്രതി ബുധനാഴ്ച പുലർച്ചെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.






