അമ്മയെ കൊല്ലണമെന്നുപറഞ്ഞ പതിമൂന്നുകാരൻ,കുട്ടികളെ കുറ്റവാളികളാക്കുന്നതിൽ കുടുംബാന്തരീക്ഷത്തിനും പങ്ക്

Spread the love

13 വയസ്സുള്ള ഒരു ആൺകുട്ടിയെ മുത്തശ്ശനും മുത്തശ്ശിയും ചേർന്നാണ് കൗൺസലിങ്ങിനായി കൊണ്ടുവന്നത്. മോഷണം, അക്രമാസക്തമായ പെരുമാറ്റം, മൃഗങ്ങളോട് ക്രൂരത കാണിക്കൽ, ദുർബലരായ സഹപാഠികളെയും പ്രായമായവരെയും ഉപദ്രവിക്കൽ, സ്കൂളിലെ കൂട്ടം ചേർന്നുള്ള അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ അവന്റെ പ്രധാന പെരുമാറ്റപ്രശ്നങ്ങളായിരുന്നു. മറ്റുള്ളവരോട് സഹാനുഭൂതി കാണിക്കാത്തത്, പഠനത്തിൽ ശ്രദ്ധയില്ലായ്മ, വീട്ടിലും സ്കൂളിലും നിരന്തരമായ പ്രശ്നങ്ങൾ സൃഷ്ടിക്കൽ എന്നിവയും ശ്രദ്ധയിൽപ്പെട്ടിരുന്നു. കുടുംബത്തിലെ നിരന്തരമായ സംഘർഷങ്ങളെ തുടർന്ന് ഇപ്പോൾ കുട്ടി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിക്കുന്നത്. എന്നാൽ താമസസ്ഥലം മാറിയിട്ടും അവന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടായില്ല.

 

കുട്ടിയുടെ ശൈശവകാലം പരിശോധിക്കുമ്പോൾ ജനിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ചില പ്രത്യേക സ്വഭാവസവിശേഷതകൾ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഉറക്കവും ഉണർവും ക്രമരഹിതമായിരിക്കുകയും രാത്രിയിൽ നിരന്തരം കരയുകയും എളുപ്പത്തിൽ ശാന്തനാകാതിരിക്കുകയും ചെയ്തതിനാൽ കുട്ടിയെ പരിചരിക്കുന്നത് അമ്മയ്ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. വളർന്നുവരുന്നതിനനുസരിച്ച്, ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപ്പോൾ കടുത്ത വാശിയും ദേഷ്യവും പ്രകടിപ്പിക്കുന്ന സ്വഭാവവും ശക്തമായി. ഈ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നതിനായി അമ്മ കർശനമായ നിയമങ്ങളും ശിക്ഷാരീതികളും സ്വീകരിക്കുകയും ശാരീരികമായി ശിക്ഷിക്കുകയും അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത്തരം സമീപനങ്ങൾ കുട്ടിയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. മറിച്ച്, പ്രശ്നങ്ങൾ ക്രമേണ കൂടുതൽ രൂക്ഷമായി. പെരുമാറ്റപ്രശ്നങ്ങളെ തുടർന്ന് കുട്ടിക്ക് പലതവണ സ്കൂൾ മാറ്റേണ്ടിവന്നു. പിതാവ് ജോലിത്തിരക്കിലായിരുന്നതിനാൽ കുടുംബകാര്യങ്ങളിലും കുട്ടിയുടെ പെരുമാറ്റപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ പരിമിതമായിരുന്നു. പിന്നീട് പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ പിതാവും കുട്ടിയെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മാതാപിതാക്കളോടുള്ള ശക്തമായ വിരോധവും പകയും കുട്ടിയിൽ രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് അമ്മയെ കൊല്ലണമെന്നുപോലും അവൻ ആവർത്തിച്ച് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഒടുവിൽ കുട്ടിയുടെ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ അവനെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിപ്പിച്ചു. എന്നാൽ അവിടെയും അവന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമുണ്ടായില്ല.

 

മനഃശാസ്ത്രപരമായി പരിശോധിക്കുമ്പോൾ, കുട്ടിയുടെ സ്വഭാവസവിശേഷതകളും അവൻ്റെ വൈകാരിക പ്രതികരണ ശേഷിയും (Temparament) അവനെ വളർത്തിയ കുടുംബാന്തരീക്ഷവും തമ്മിലുള്ള പൊരുത്തക്കേട് ഈ കേസിൽ വ്യക്തമായി കാണാം. ശൈശവകാലം മുതൽ തന്നെ നിരന്തരം കരയുക, എളുപ്പത്തിൽ ശാന്തനാകാതിരിക്കുക, ഉറക്കക്രമത്തിലെ വ്യതിയാനം, കുറഞ്ഞ നിരാശാസഹിഷ്ണുത, ആവശ്യങ്ങൾ നിറവേറ്റപ്പെടാത്തപ്പോൾ അമിതമായ ശാഠ്യം തുടങ്ങിയവ കുട്ടിയെ കൈകാര്യം ചെയ്യാൻ മാതാപിതാക്കളിൽ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട് . എന്നാൽ ഇത്തരം സ്വഭാവസവിശേഷതകൾ മാത്രം ഒരു കുട്ടിയെ പിന്നീട് കുറ്റവാസനകളിലേക്കോ അക്രമാസക്തമായ പെരുമാറ്റത്തിലേക്കോ നയിക്കണമെന്നില്ല. അതിനേക്കാൾ പ്രധാനപ്പെട്ടത്, കുട്ടിയുടെ സ്വഭാവത്തെ മാതാപിതാക്കളും അധ്യാപകരും മറ്റുള്ളവരും എങ്ങനെ മനസ്സിലാക്കുകയും അതിനോട് എങ്ങനെ പ്രതികരിക്കുകയും ചെയ്യുന്നു എന്നതാണ്.

 

കൗമാരക്കാരിലെ കുറ്റവാസന

 

കുട്ടികളിലെയും കൗമാരക്കാരുടേയും ഇടയിലുള്ള അക്രമ സ്വഭാവങ്ങൾ വലിയ ഞെട്ടലോടെയാണ് കേരള സമൂഹ സമൂഹം കേട്ടത് കേവലം ഒരു കാരണം കൊണ്ട് മാത്രം കൗമാരക്കാരിലെ കുറ്റവാസനയെ വിലയിരുത്തുക അസാധ്യമാണ്. ജീവശാസ്ത്രപരമായ കാരണങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, കുടുംബാന്തരീക്ഷം, സുഹൃത്തുക്കളുടെ സ്വാധീനം, സ്കൂൾ അനുഭവങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയൊക്കെ ചേർന്നു തന്നെയാണ് ഒരു കൗമാരക്കാരന്റെയോ, കൗമാരക്കാരിയുടെയോ വ്യക്തിത്വം രൂപീകരിക്കപ്പെടുന്നത്. ചില സ്വഭാവ സവിശേഷതകളായ ആവേശ നിയന്ത്രണത്തിലെ കുറവ് (Poor Impulse Control), കൗമാരപ്രായത്തിൽ തീരുമാനമെടുക്കൽ (Decision Making), സ്വയംനിയന്ത്രണം (Self Control) തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങൾ കൗമാരക്കാരിൽ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ആലോചിക്കാതെ പ്രവർത്തിക്കാനും അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെയാണ് വൈകാരിക നിയന്ത്രണത്തിലെ ബുദ്ധിമുട്ടുകൾ (Emotional Dysregulation) അതായത് കോപം, നിരാശ, അസൂയ, നിരസിക്കപ്പെട്ടതിന്റെ വേദന തുടങ്ങിയ വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത് ആക്രമണം, അടിപിടി തുടങ്ങിയ പെരുമാറ്റങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ചിലരെങ്കിലും ജീവിത സാഹചര്യങ്ങളിൽ നിന്നും ആർജിതമായ സഹാനുഭൂതിയുടെയും ധാർമിക ചിന്തയുടെയും കുറവ് പലപ്പോഴും മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ട് മറ്റുള്ളവരെ ദ്രോഹിക്കുന്ന പെരുമാറ്റത്തിലേക്ക് നയിക്കാം. വൈകാരിക കേന്ദ്രങ്ങളുടെ പ്രവർത്തനപരമായി കൗമാരക്കാരിൽ ആക്രമണാത്മക വ്യക്തിത്വ സവിശേഷതകൾ സ്ഥിരമായ ശത്രുതാഭാവം, പ്രകോപനശീലം, സംശയം, മറ്റുള്ളവരുടെ പെരുമാറ്റത്തെ ഭീഷണിയായി കാണുന്ന പ്രവണത എന്നിവ ആക്രമണാത്മക പെരുമാറ്റത്തിന് കാരണമാകാം.

 

നിരന്തരമായ നിരസിക്കൽ, അപമാനം, പരാജയം എന്നിവ ചില കൗമാരക്കാരിൽ ശക്തമായ കോപവും പ്രതികാര മനോഭാവവും സൃഷ്ടിക്കാം. ചിലർക്കെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിലൂടെ സ്വന്തം കഴിവും വ്യക്തിത്വവും മറ്റുള്ളവരുടെ അംഗീകാരവും തെളിയിക്കാമെന്ന തോന്നൽ ഉണ്ടാകാം. ഇത്തരക്കാരിൽ സുഹൃത്തുക്കളുടെ സ്വാധീനം (Peer Influence) കുറ്റപ്രവണതയുള്ള സുഹൃത്തുക്കളുമായുള്ള ബന്ധം കൗമാരക്കാരുടെ പെരുമാറ്റത്തെ ശക്തമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ സംഘർഷങ്ങളും മാതാപിതാക്കളുടെ പ്രശ്നങ്ങളും

 

സ്ഥിരതയില്ലാത്ത ശിക്ഷാനടപടികൾ, അമിതമായ ശിക്ഷ, അവഗണന, മാതാപിതാക്കളുടെ മേൽനോട്ടക്കുറവ്, കുടുംബസംഘർഷം, വൈകാരിക ബന്ധത്തിന്റെ അഭാവം എന്നിവ കുറ്റപ്രവണത വർധിപ്പിക്കാം. അതുപോലെ തന്നെ ലഹരി ഉപയോഗം മദ്യം, മയക്കുമരുന്ന് തുടങ്ങിയവ സ്വയംനിയന്ത്രണം കുറയ്ക്കുകയും തീരുമാനമെടുക്കാനുള്ള കഴിവിനെ ബാധിക്കുകയും ആവേശപരമായ പെരുമാറ്റം വർധിപ്പിക്കുകയും ചെയ്യാം. ഇതിനുമൊക്കെ അപ്പുറം ചില വികലമായ ചിന്താരീതികൾ (Cognitive Distortions) പിന്തുടരുന്നവർ അതായത് “എല്ലാവരും എനിക്കെതിരാണ്.”

 

“ആരെങ്കിലും എന്നെ അപമാനിച്ചാൽ ഞാൻ പ്രതികാരം ചെയ്യണം.” തുടങ്ങിയ ചിന്താ രീതികൾ കുറ്റകരമായ പെരുമാറ്റത്തെ ന്യായീകരിക്കാൻ ഇടയാക്കാം. അതുപോലെതന്നെയാണ് ഒരു വ്യക്തി തന്റെ ബാല്യകാലത്തിലൂടെ കടന്നു പോവുന്ന അവഗണന, നഷ്ടാനുഭവങ്ങൾ, കുടുംബത്തിലെ അസ്ഥിരത എന്നിവ വൈകാരിക നിയന്ത്രണം, വിശ്വാസം, പെരുമാറ്റ നിയന്ത്രണം എന്നിവയെ ബാധിക്കാം.

 

കൗമാരക്കാരിൽ ക്രിയാത്മകമായ മാനസികശേഷികളും ജീവിത നൈപുണികളും വികസിപ്പിക്കുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ലക്ഷ്യം “തെറ്റായ പെരുമാറ്റം തടയുക” എന്നതിൽ മാത്രം ചുരുങ്ങി പോവാതെ ആത്മനിയന്ത്രണം, ഉത്തരവാദിത്തബോധം, സഹാനുഭൂതി, പ്രതിരോധശേഷി, നല്ല തീരുമാനമെടുക്കൽ, ആരോഗ്യകരമായ ജീവിതരീതി എന്നിവ വളർത്തുകയാണ് വേണ്ടത്.

 

മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്നത്

 

സ്നേഹവും വിശ്വാസവും നിറഞ്ഞ ബന്ധം വളർത്തുക:

 

കൗമാരക്കാർക്ക് ഭയമില്ലാതെ തങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും മാതാപിതാക്കളോട് പങ്കുവയ്ക്കാൻ കഴിയണം. അവരുടെ സുഹൃത്തുക്കൾ, പഠനം, ബന്ധങ്ങൾ, ഓൺലൈൻ അനുഭവങ്ങൾ തുടങ്ങിയവയെക്കുറിച്ച് സ്ഥിരമായി സംസാരിക്കുക.

 

അതുപോലെ തന്നെ പ്രധാനമാണ് തിരുത്തുന്നതിന് മുമ്പ് കേൾക്കുക എന്നത്. കുട്ടി ഒരു തെറ്റ് ചെയ്യുമ്പോൾ ഉടൻ ശിക്ഷിക്കുന്നതിനുപകരം “എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?” എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക എന്നത് പ്രധാനമ്മാണ്.

 

വ്യക്തമായ നിയമങ്ങളും പരിധികളും നിശ്ചയിക്കുക:

 

വീട്ടിലെ പെരുമാറ്റം, മൊബൈൽ/ഇന്റർനെറ്റ് ഉപയോഗം, സുഹൃത്തുക്കളുമായുള്ള ഇടപെടൽ, ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ നിയമങ്ങൾ വേണം. ശിക്ഷ ഭയപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയിരിക്കരുത്.

 

വികാരനിയന്ത്രണം വീട്ടിൽ തന്നെ പഠിപ്പിക്കുക:

 

കോപവും അഭിപ്രായവ്യത്യാസങ്ങളും സമാധാനപരമായി കൈകാര്യം ചെയ്യുന്നതിന്റെ മാതൃക മാതാപിതാക്കൾ തന്നെ കാണിക്കണം. കുട്ടികൾ നമ്മൾ പറയുന്നതിനെക്കാൾ നമ്മൾ ചെയ്യുന്നതിൽ നിന്നാണ് കൂടുതൽ പഠിക്കുന്നത്.

 

കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും പ്രോത്സാഹിപ്പിക്കുക: എന്നത് കുട്ടിയുടെ വ്യക്തിത്വ വികാസത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. പഠനവിജയം മാത്രമല്ല, കായികം, കല, സംഗീതം, സർഗാത്മകത, കരുണ, നേതൃത്വം, പരിശ്രമം തുടങ്ങിയ കഴിവുകളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

 

തീരുമാനമെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക:

 

എല്ലാ തീരുമാനങ്ങളും മാതാപിതാക്കൾ തന്നെ എടുക്കുന്നതിനുപകരം “നിന്റെ അഭിപ്രായത്തിൽ എന്താണ് ചെയ്യേണ്ടത്?”, “ഇങ്ങനെ ചെയ്താൽ എന്ത് സംഭവിക്കാം, “ഇതിന് മറ്റൊരു പരിഹാരമുണ്ടോ?ഇങ്ങനെയുള്ള ഇടപെടലുകൾ സ്വതന്ത്രചിന്തയും ഉത്തരവാദിത്തബോധവും വളർത്തും.

 

കുട്ടികളുടെ സുഹൃത്തുക്കളെയും ഓൺലൈൻ പ്രവർത്തനങ്ങളെയും ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്. കുട്ടികൾ ആരുമായി സൗഹൃദം പുലർത്തുന്നു, എന്തുതരം ഓൺലൈൻ ഉള്ളടക്കമാണ് കാണുന്നത് തുടങ്ങിയ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണം ഉണ്ടായിരിക്കണം. എന്നാൽ ഇത് അമിതമായ നിയന്ത്രണത്തിനുപകരം വിശ്വാസത്തോടെയും പ്രായത്തിനനുസരിച്ചുള്ള സ്വാതന്ത്ര്യത്തോടെയും ആയിരിക്കണം.

 

വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും ശ്രദ്ധിക്കണം. വീട്ടുജോലികളിൽ സഹായിക്കുക, സ്വന്തം കാര്യങ്ങൾ ക്രമപ്പെടുത്തുക, സമയം നിയന്ത്രിക്കുക, ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുക തുടങ്ങിയവ സ്വയംനിയന്ത്രണവും ഉത്തരവാദിത്തബോധവും വളർത്തും.

 

ബഹുമാനം, സത്യസന്ധത, സഹാനുഭൂതി, ക്ഷമ, വികാരനിയന്ത്രണം എന്നിവ മാതാപിതാക്കൾ സ്വന്തം പെരുമാറ്റത്തിലൂടെ കാണിക്കണം

 

അധ്യാപകർക്ക് ചെയ്യാൻ കഴിയുന്നത്

 

സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വിദ്യാർത്ഥികൾക്ക് ബഹുമാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം നൽകണം. അപമാനിക്കൽ, മറ്റുള്ളവരുമായി അനാവശ്യമായി താരതമ്യം ചെയ്യൽ, “പ്രശ്നക്കാരൻ” എന്ന രീതിയിൽ ലേബൽ ചെയ്യൽ എന്നിവ ഒഴിവാക്കണം.

 

പെരുമാറ്റത്തിലും മാനസിക നിലയിലും ഉള്ള സൂചനകൾ നേരത്തെ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. പെട്ടെന്നുള്ള ആക്രമണസ്വഭാവം, അമിതമായ കോപം, സാമൂഹികമായി പിൻവാങ്ങൽ, നിരന്തരമായ വഴക്കുകൾ, നിയമങ്ങളും നിർദ്ദേശങ്ങളും നിരന്തരം ലംഘിക്കൽ, പഠനത്തിൽ പെട്ടെന്നുള്ള താൽപര്യക്കുറവ്, സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടി കാണിക്കുമ്പോൾ കുട്ടിയെ “കുറ്റക്കാരൻ” എന്ന് മുദ്രകുത്തുന്നതിന് പകരം പിന്തുണയും ആവശ്യമായ ഇടപെടലും നൽകണം.

 

നല്ല കൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കുക, കൂട്ടം ചേർന്നുള്ള കളികൾ, കലാകായിക വിനോദങ്ങൾ തുടങ്ങിയവ വിദ്യാർഥികളിൽ പരസ്പര സഹകരണം, സൗഹൃദം എന്നിവ വളർത്തും. നേതൃത്വത്തിനും ഉത്തരവാദിത്തത്തിനും അവസരങ്ങൾ നൽകണം. ക്ലാസ് ലീഡർഷിപ്പ്, ക്ലബ്ബുകൾ, കായികപ്രവർത്തനങ്ങൾ, സാമൂഹി സേവനം തുടങ്ങിയവ ആത്മവിശ്വാസം, ഉത്തരവാദിത്തബോധം, ടീം വർക്ക്, ജീവിതലക്ഷ്യം എന്നിവ വികസിപ്പിക്കും.

 

കൗമാരക്കാരുടെ വീട്–സ്കൂൾ ബന്ധം ശക്തമാക്കുന്നത് കുറ്റവാസനകൾ തടയുന്നതിനും പോസിറ്റീവ് ജീവിതം വളർത്തുന്നതിനും വളരെ പ്രധാനമാണ്.

 

പലപ്പോഴും ശാസ്ത്രീയമായ മാനസിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ സ്കൂളികളിലും വീടുകളിലും വന്നാൽ കുട്ടി കുറ്റവാളികളായി മാറുന്ന മഹാവിപത്തിൽ നിന്നും യുവതലമുറയെ രക്ഷിക്കാനാവും

 

കേരള സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *