മോസ്കോ∙ തുടർച്ചയായ രണ്ടാം ദിവസവും റഷ്യയുടെ സൈനിക താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം കടുപ്പിക്കുമ്പോൾ കോടീശ്വരിയായ ഒരു സംരംഭകയെ പ്രത്യേകം ലക്ഷ്യമിട്ടുള്ള ആക്രമണം ലക്ഷ്യം കാണുന്നതായി സൂചന. റഷ്യൻ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിന്റെ ഡിപ്പോകളെയാണ് യുക്രെയ്ൻ ലക്ഷ്യമിടുന്നത്.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയ്ൽ കമ്പനിയായ വൈൽഡ്ബറീസിനെ ശതകോടീശ്വരിയായ ടാറ്റിയാന കിം ആണ് വളർത്തിയെടുത്തത്. അമേരിക്കയിലെ ആമസോണിനു പകരം വയ്ക്കാനാവുന്ന റഷ്യൻ മാതൃക എന്നാണ് വൈൽഡ്ബറീസിനെ വിശേഷിപ്പിക്കുന്നത്. 2,50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വൈൽഡ്ബറീസിന്റെ വെയർഹൗസാണ് കഴിഞ്ഞ ദിവസത്തെ യുക്രെയ്ൻ ആക്രമണത്തിൽ ചാരമായത്. എന്നാൽ ഈ ആക്രമണം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വൈൽഡ്ബറീസിനെ യുക്രെയ്ൻ ഡ്രോണുകൾ വേട്ടയാടുകയാണ്. റഷ്യയ്ക്ക് എതിരായ യുദ്ധം ഒരു റീട്ടെയിൽ കമ്പനിക്ക് എതിരായി യുക്രെയ്ൻ തിരിച്ചുവിടുകയാണ്.
വസ്ത്രങ്ങൾ വിൽക്കുന്ന ഒരു ചെറിയ ഓൺലൈൻ ബിസിനസ്സായി ആരംഭിച്ച വൈൽഡ്ബറീസ് ഇന്ന് റഷ്യയിൽ ഓൺലൈൻ രംഗത്തെ വമ്പൻമാരാണ്. റഷ്യക്കാർ വസ്ത്രങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും ഏറെ ആശ്രയിക്കുന്ന വൈൽഡ്ബറീസിനെ തകർത്താൽ വലിയ ആഘാതം റഷ്യയ്ക്കുണ്ടാവും. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് റഷ്യയുടെ റീട്ടെയിൽ വിൽപ്പനയുടെ ഏകദേശം 10% വൈൽഡ്‌ബെറീസിന് അവകാശപ്പെട്ടതാണ്. 2022 ൽ യുദ്ധത്തെ തുടർന്ന് പാശ്ചാത്യ ബ്രാൻഡുകൾ റഷ്യയിൽനിന്നു പിന്മാറിയതോടെയാണ് വൈൽഡ്ബറീസിനു ശുക്രൻ ഉദിച്ചത്.
എന്നാൽ ഇപ്പോഴത്തെ യുക്രെയ്ൻ ആക്രമണത്തെ വൈൽഡ്ബറീസ് അതിജീവിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഏകദേശം 40 വലിയ വെയർഹൗസുകളും ഏകദേശം 200 ചെറിയ ഗോഡൗണുകളുമാണ് വൈൽഡ്ബറീസിന്റെ ലോജിസ്റ്റിക്സ് ശൃംഖലയിൽ ഉള്ളത്. ഇതിൽ പ്രധാനമായ വെയർഹൗസാണ് കഴിഞ്ഞ ദിവസം തകർന്നത്. ഇതിനകം കമ്പനിയുടെ വലിയ 10 വെയർഹൗസുകളിൽ ഏഴെണ്ണം യുക്രെയ്ൻ ആക്രമണത്തിൽ പ്രവർത്തന രഹിതമായിക്കഴിഞ്ഞു.
വൈൽഡ്ബറീസിന്റെ ആസ്തികൾ തകർക്കാൻ യുക്രെയ്ൻ പറയുന്ന ന്യായം റഷ്യൻ സൈന്യവുമായി കമ്പനിക്കുള്ള ബന്ധമാണ്. സൈന്യത്തിനു വേണ്ടി ആയുധങ്ങൾ അടക്കം എത്തിക്കുന്നത് രാജ്യത്തെ ഈ റീട്ടെയ്ൽ ഭീമനാണെന്നാണ് ആരോപണം. ഡ്രോൺ ഘടകങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ കമ്പനി സൈന്യത്തിനു എത്തിക്കുന്നു എന്നാണ് ആരോപണം. എന്നാൽ വൈൽഡ്ബറീസ് ഈ ആരോപണങ്ങൾ നിഷേധിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ യുക്രെയ്നിന്റെ കനത്ത വ്യോമാക്രമണത്തിൽ റഷ്യയിൽ 6 പേരാണ് കൊല്ലപ്പെട്ടത്. റഷ്യയുടെ സൈനികത്താവളങ്ങളും വ്യവസായകേന്ദ്രങ്ങളും ലക്ഷ്യമിട്ട് നൂറുകണക്കിനു ഡ്രോണുകളും ദീർഘദൂര മിസൈലുകളുമാണ് യുക്രെയ്ൻ പ്രയോഗിച്ചത്. ഒറ്റരാത്രി യുക്രെയ്നിന്റെ 822 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ സേന അവകാശപ്പെട്ടു. മോസ്കോയെ ലക്ഷ്യമിട്ടെത്തിയതാണ് ഇതിലേറെയും.








