ഭോപ്പാല്‍: സ്‌നേഹത്തെ വര്‍ണിച്ച് കൊണ്ടുള്ള പാട്ടുകളും കവിതകളും കേള്‍ക്കാത്തവര്‍ ആരുമില്ല. എന്നാല്‍ സ്‌നേഹം അമിതമായി പ്രകടിപ്പിച്ചത് മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു സോഷ്യല്‍മീഡിയ സ്റ്റണ്ട് ആണ് യുവാവിന് കുരുക്കായത്.
കാമുകി ലിപ്സ്റ്റിക് തേച്ച് കാര്‍ ഒന്നാകെ 3400 ചുംബനങ്ങള്‍ പതിപ്പിച്ചപ്പോള്‍ ഇത്രയും വലിയ തലവേദനയാകുമെന്ന് യുവാവ് കരുതിയില്ല. സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ കാറുമായി യുവാവ് റോഡില്‍ ഇറങ്ങിയതോടെ പൊലീസ് കൈയോടെ പൊക്കുകയായിരുന്നു. നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചു യുവാവിനോട് 5500 രൂപ പിഴയൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്. കൂടാതെ ഉടന്‍ തന്നെ കാറില്‍ നിന്ന് ചുംബന അടയാളങ്ങള്‍ മാറ്റാനും നിര്‍ദേശിച്ചു.
രണ്ടുദിവസമായി നഗരവീഥികളിലൂടെ ഓടിയ ഈ കാറിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് നടപടി വന്നത്. വാഹനം രൂപമാറ്റം വരുത്തിയതിനാണ് മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ യുവാവിന് പൊലീസ് പിഴ ചുമത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് നടപടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഒരു വിദേശ ട്രെന്‍ഡ് പിന്തുടര്‍ന്നാണ് കാമുകി ഈ രീതിയില്‍ കാര്‍ അലങ്കരിച്ചതെന്ന് കാര്‍ ഉടമ ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു. കാറിലുടനീളം 3400 ചുംബന അടയാളങ്ങള്‍ പതിക്കാന്‍ കാമുകി ഏകദേശം മൂന്നര മണിക്കൂറോളം സമയമെടുത്തു. തുടര്‍ന്ന് ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും ആദിത്യ വ്യക്തമാക്കി.








