പാലക്കാട് ∙ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മോയൻസ് എൽപി സ്കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത്. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത് കളർ സ്മോക്ക് ഉപയോഗിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വിദ്യാർഥികൾ തന്നെയാണ് ഇതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മോയൻസ് സ്കൂളിലെ ഓണാഘോഷ പരിപാടിക്കുശേഷം സ്കൂൾ ഗ്രൗണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് ആംബുലൻസ് ഡ്രൈവർമാർ മോട്ടർ വാഹന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എംവിഡി അന്വേഷണമാരംഭിച്ചു.






