ചെന്നൈ∙ തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി വിജയ് അപ്രതീക്ഷിത സന്ദർശനം നടത്തി. തടവുകാർക്കു ലഭിക്കുന്ന ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ തുടങ്ങിയ വിവരങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി എത്തിയത്. ജയിലിൽ സന്ദർശനത്തിനു എത്തിയ വിജയ് തടവുകാരുമായി നേരിട്ടു സംവദിക്കുകയും അവരുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നാണ് പുഴൽ സെൻട്രൽ ജയിലെന്നു സന്ദർശത്തിനുശേഷം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വിശദീകരിച്ചു.
പുഴൽ സെൻട്രൽ ജയിലിലെ ക്വാറന്റീൻ സോൺ, സന്ദർശക ഹാൾ, ജയിലിലെ ആശുപത്രി, ലഹരിവിമുക്ത പുനരധിവാസ കേന്ദ്രം, മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജിലെ ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കംപ്യൂട്ടർ പരിശീലന കേന്ദ്രം, ഉയർന്ന സുരക്ഷാ ബ്ലോക്ക്, വധശിക്ഷ നടപ്പാക്കുന്ന സ്ഥലം എന്നിങ്ങനെ ജയിലിലെ പ്രധാന ഇടങ്ങളിൽ മുഖ്യമന്ത്രി പരിശോധന നടത്തിയതായി ഔദ്യോഗിക പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ജയിലിൽ സന്ദർശനം നടത്തിയ ശേഷം വിജയ് പുഴൽ പൊലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി. ഇവിടെയുള്ള റജിസ്റ്ററുകൾ പരിശോധിക്കുകയും സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.








