ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കരിയർ ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ ദൃശ്യമാകുന്നതായി റിപ്പോർട്ട്. ജോലി നേടുക എന്നതിലുപരി, സ്ഥാപനങ്ങളുടെ നേതൃനിരയിലേക്കും ഉയർന്ന പദവികളിലേക്കും എത്തിച്ചേരുന്നതിനായി ഇന്ത്യൻ വനിതകൾ പ്രൊഫഷണൽ കോഴ്സുകളെ വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. പ്രമുഖ ഹയർ എജ്യുക്കേഷൻ പ്ലാറ്റ്‌ഫോമായ ടൈംസ് പ്രോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ ഉന്നത പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവരിൽ 28 ശതമാനവും (ഏകദേശം മൂന്നിലൊന്ന്) സ്ത്രീകളാണ്.
പരമ്പരാഗതമായി സ്ത്രീകൾ കൂടുതൽ താല്പര്യം കാണിക്കുന്ന എച്ച്.ആർ, ഹെൽത്ത് കെയർ മേഖലകൾക്ക് പുറമെ ഫിനാൻസ്, സാങ്കേതികവിദ്യ തുടങ്ങിയ തന്ത്രപ്രധാന രംഗങ്ങളിലും സ്ത്രീകൾ സ്വാധീനം ഉറപ്പിക്കുന്നുണ്ട്.
എച്ച്.ആർ മാനേജ്‌മെന്റ്: ആകെ അപേക്ഷകരിൽ 62 ശതമാനവും സ്ത്രീകളാണ്. കമ്പനികളുടെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന തന്ത്രപ്രധാനമായ പദവിയിലേക്ക് എച്ച്.ആർ മേഖല മാറിയതാണ് ഈ താല്പര്യത്തിന് പിന്നിൽ.
ഹെൽത്ത് കെയർ മാനേജ്‌മെന്റ്: അപേക്ഷകരിൽ 47 ശതമാനവും സ്ത്രീകളാണ്.
ലീഡർഷിപ്പ് & സ്ട്രാറ്റജി (നേതൃത്വ പദവികൾ): അപേക്ഷകരിൽ 32 ശതമാനവും സ്ത്രീകളാണ്.
ഫിനാൻസ് & ടെക്നോളജി: പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഫിനാൻസ്, സാങ്കേതികവിദ്യ കോഴ്സുകളിൽ 28 ശതമാനം അപേക്ഷകരുമായി സ്ത്രീകൾ സജീവമാണ്.
വെറും താല്പര്യത്തിന്റെ പുറത്തല്ല സ്ത്രീകൾ ഉന്നത പഠനത്തിന് മുതിരുന്നത് എന്നതും കണക്കുകൾ വ്യക്തമാക്കുന്നു. അപേക്ഷ നൽകിയ ശേഷം കോഴ്സുകളിൽ പ്രവേശനം നേടുന്ന നിരക്കിൽ സ്ത്രീകളും പുരുഷന്മാരുംഒപ്പത്തിനൊപ്പമാണ്. ഇരുവിഭാഗത്തിലും 28 ശതമാനം വീതമാണ്.
2025-26 ലെ കേന്ദ്ര ബജറ്റിൽ ‘വികസിത് ഭാരത്’ പദ്ധതിക്ക് കീഴിൽ 2047 ഓടെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം 70 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. കരിയറിന്റെ പകുതിവഴിയിൽ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്ക് തടയാനും, ഇടവേളകൾക്ക് ശേഷം ജോലിയിൽ തിരിച്ചെത്താനും ഉയർന്ന മാനേജ്‌മെന്റ് പദവികളിലേക്ക് വളരാനും ഇത്തരം പ്രൊഫഷണൽ കോഴ്സുകൾ സ്ത്രീകൾക്ക് മികച്ച പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.








