‘’ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണന്നറിയുമോ? കാൻസർ ബാധിതരായ മക്കളുടെ വേദന കണ്ടുനിൽക്കുന്നതാണ്’’- കാൻസർ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കെത്തിയ അമ്മയുടെ ഈ വാക്കുകളാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സായ കൊയിലാണ്ടി സ്വദേശി ജി.എൻ. അഞ്ജനയെ മാറ്റിച്ചിന്തിച്ചത്. കാൻസർ ബാധിതരായ കുട്ടികളെ വെറുതെ പരിചരിച്ചു പോകുന്നതിനു പകരം പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയ്ക്കു പിന്നാലെ അന്താരാഷ്ട്ര തലത്തിലുള്ള ഫെലോഷിപ്പും അഞ്ജനയെ തേടിയെത്തി. ഫെലോഷിപ്പിനു കാരണമായ ഓറൽ ബണ്ടിൽ കെയർ എന്ന ഗവേഷണത്തിനാണ് അഞ്ജനയ്ക്ക് ഫെലോഷിപ്പ് ലഭിച്ചത്. അതേക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് അഞ്ജന.
കാൻസർ ബാധിച്ച ഒരു കുഞ്ഞിനെ പിന്തുണയ്ക്കുമ്പോൾ ഒരു കുടുംബത്തിനു കൂടിയാണ് ആ കരുതൽ ലഭിക്കുക. എങ്ങനെയാണ് ഓറൽ ബണ്ടിൽ കെയർ എന്ന ആശയത്തിൽ എത്തിച്ചേരുന്നത്?
ഹോസ്പിറ്റലുകളിൽ കാണുന്ന സാധാരണ ബെഡ്സൈഡ് നഴ്സാണ് ഞാൻ. ദിവസവും വരുന്നു, രോഗികളെ പരിചരിച്ചു പോകുന്നു എന്നതിലുപരി കുട്ടികൾക്കുവേണ്ടി എന്തെങ്കിലും കൂടുതൽ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. മലബാർ കാൻസർ സെന്ററിൽ ജോലിക്കു കയറിയതു മുതൽ കുട്ടികളുടെ വാർഡിലാണ് ജോലി ചെയ്തിരുന്നത്. കാൻസർ എന്നത് മുതിർന്നവർക്ക് വരുന്നതുപോലും വേദനാജനകമാണ്. കുട്ടികളെ അത് കുറച്ചുകൂടി തീവ്രമായി ബാധിക്കും. അത് കണ്ടുനിൽക്കുന്നതും പ്രയാസകരമാണ്. അങ്ങനെയാണ് കുട്ടികൾക്കുവേണ്ടി നല്ലതെന്തെങ്കിലും ചെയ്യാൻ സാധിക്കണം എന്ന ചിന്തയിൽനിന്ന് ഈ പദ്ധതിയേക്കുറിച്ചു ചിന്തിച്ചത്.
കീമോതെറാപ്പി എടുത്തുകഴിയുന്ന സമയത്ത് വായയിൽ പുണ്ണ് വരുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും. രക്തത്തിൽ കൗണ്ട് കുറയുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും. ഈസമയത്ത് അണുബാധകൾ വരികയും വായയിൽ പൊട്ടൽ വരികയുമൊക്കെയുണ്ടാവും. ഹൈ റിസ്ക് കീമോകളിൽ പ്രത്യേകിച്ച് വായ്പ്പുണ്ണ് വരാനുള്ള സാധ്യത കൂടുതലാണ്. വായിൽ ഒരു പുണ്ണ് വരുമ്പോൾപ്പോലും ഭക്ഷണം കഴിക്കുക പ്രയാസമാണ്. കീമോക്കുശേഷം ചിലരിൽ വായ മുഴുവനായി വായ്പ്പുണ്ണ് വരികയും വെള്ളം ഇറക്കുകപോലും ബുദ്ധിമുട്ടാവുകയും ചെയ്യും. കുട്ടികൾ ഇത്തരം വേദനാജനകമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ അത് മുഴുവൻ കുടുംബത്തെക്കൂടിയാണ് ബാധിക്കുക. ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്നത് മക്കൾ ഈ വേദനയിലൂടെ കടന്നുപോകുന്നത് കണ്ടുകൊണ്ടുനിൽക്കുക എന്നതാണെന്ന് ഒരിക്കൽ ഒരമ്മ പറഞ്ഞിട്ടുണ്ട്. വെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ മക്കൾ കടന്നുപോകുന്നത് കാണുന്നത് വേദനാജനകമാണ്. അവരെ പിന്തുണയ്ക്കാൻ വേണ്ടിയാണ് ഓറൽ ബണ്ടിൽ കെയർ എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.
ഒരുകൂട്ടം പരിചരണങ്ങളാണ് ബണ്ടിൽ കെയർ എന്ന പേരിൽനിന്നു വ്യക്തമാണ്. ഏതു രീതിയിലാണ് അവ നൽകുന്നത്?
വായയിൽ വായ്പുണ്ണു നിറഞ്ഞ് വേദനാജനകമാകുന്ന മ്യൂക്കോസൈറ്റിസ് എന്ന അവസ്ഥയെ കുറയ്ക്കാനുള്ള വഴികളേക്കുറിച്ചാണ് ചിന്തിച്ചത്. പരിമിതികൾക്കുള്ളിൽനിന്ന് എന്തു ചെയ്യാനാകുമെന്നാണ് ആലോചിച്ചത്. നൂറോളം ലേഖനങ്ങളും മറ്റും വായിച്ചു. അങ്ങനെ ലളിതമായ രീതിയിൽ ചെയ്യാനാവുന്ന ആഗോളതലത്തിൽ തന്നെ ചെയ്തുവരുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു പരിശോധിച്ചു. തുടർന്നാണ് ഓറൽ കെയർ ബണ്ടിൽ എന്ന ആശയത്തിൽ എത്തിച്ചേർന്നത്. മ്യൂക്കോസൈറ്റിസ് ഉണ്ടാകുന്നത് തടയിടാനുള്ള ഒരുകൂട്ടം കാര്യങ്ങൾ ആയതുകൊണ്ടാണ് ഓറൽ കെയർ ബണ്ടിൽ എന്ന പേരു നൽകിയത്.
ആദ്യം ചെയ്തത് മൗത്ത് വാഷിനു പകരം ഉപ്പുവെള്ളം ഉപയോഗിക്കാൻ നിർദേശിച്ചതാണ്. ഉപ്പുവെള്ളം കൊണ്ട് നാലുനേരവും വായ കഴുകുന്ന രീതിയാണത്. അത് രോഗി ചെയ്യുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തി. മറ്റൊന്ന് തേൻ പുരട്ടുന്നതാണ്. ഇന്റർനാഷണൽ ജേർണലുകളിലെല്ലാം തേൻ മുറിവുണക്കുന്നതിനേക്കുറിച്ചു പറയുന്നുണ്ട്. കൈയിൽ തേനെടുത്ത് വായയിൽ ഒരാവരണം പോലെ പുരട്ടിയിടുകയാണ് ചെയ്യേണ്ടത്. പക്ഷേ ,സാധാരണ ലഭ്യമാകുന്ന തേൻ വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുക വഴി അണുബാധ എളുപ്പത്തിലുണ്ടാകുന്നതു പ്രതിരോധിക്കാൻ സാഷെകളിൽ ലഭ്യമാകുന്ന ഒരൊറ്റ തവണ ഉപയോഗിക്കുന്ന തേനാണ് രോഗികൾക്കു നൽകിയത്. എൻജിഒകളുടെ സഹായത്തോടെയാണ് അത്തരം തേൻ വരുത്തിച്ചത്. ഡയറ്റീഷ്യനേക്കൊണ്ട് ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രമാണ് അവ ഉപയോഗിച്ചത്. മൂന്നുനേരവും ഭക്ഷണം കഴിച്ചതിനുശേഷം വായയിൽ തേൻ പുരട്ടി പതിനഞ്ചു മിനിറ്റു കഴിഞ്ഞ് വായ കഴുകുന്നതാണ് രീതി. കീമോതെറാപ്പി ആരംഭിക്കുന്ന ആദ്യത്തെ ദിവസം തൊട്ടുതന്നെ തേൻ ഉപയോഗിക്കാൻ തുടങ്ങും.
മറ്റൊന്ന് ക്രയോതെറാപ്പി എന്ന കോൾഡ് തെറാപ്പിയാണ്. ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഹൈ ഡോസ് കീമോകൾ കൊടുക്കുന്ന സമയത്താണ് ക്രയോതെറാപ്പി നൽകുന്നത്. ആഗോളതലത്തിൽ ക്രയോതെറാപ്പി സാധാരണമാണ്. കുട്ടികൾക്ക് ഐസ്ക്രീം കൊടുക്കുകയാണ് ഇവിടെ ചെയ്തത്. മുതിർന്നവരാണെങ്കിൽ ഐസ് സ്റ്റിക്ക് വായിൽ വെക്കാനോ തണുത്തവെള്ളം കൊള്ളാനോ ഒക്കെ പറയാം. പക്ഷേ, കുട്ടികളോട് അതുപറഞ്ഞാൽ നടക്കണമെന്നില്ല. അങ്ങനെയാണ് പോപ്സിക്കിൾ നൽകാൻ തീരുമാനിച്ചത്. കീമോയുടെ സമയത്ത് ഒന്നോ രണ്ടോ പോപ്സിക്കിൾ നൽകും. ഇതുപറയുമ്പോൾ തണുത്തതു കഴിച്ചാൽ തൊണ്ടവേദന വരില്ലേയെന്നു സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അതെല്ലാം വെറും മിത്താണ്. തൊണ്ടയ്ക്ക് പ്രശ്നമുള്ളവരിൽ മാത്രമാണ് തണുത്തതു കഴിക്കുന്നതിലൂടെ ട്രിഗർ ചെയ്യാൻ സാധ്യതയുള്ളത്. ഐസ്ക്രീമോ പോപ്സിക്കിളോ തണുത്ത വെള്ളമോ ഏതാണു വേണ്ടതെന്ന് ചോദിച്ച് തീരുമാനിക്കും.
അതുപോലെ പലപ്പോഴും ചികിത്സയിലൂടെ കടന്നുപോകുമ്പോൾ ചുണ്ട് വരളുന്നവരുണ്ട്. അതൊഴിവാക്കാൻ ലിപ് ബാം നൽകി. കട്ടിയുള്ള നാരുകളുള്ള ടൂത്ത് ബ്രഷിന് പകരം നേർത്തവയും ഫ്ലൂറിഡേറ്റഡ് ടൂത്ത് പേസ്റ്റും നൽകി. ബ്രഷുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയവ വാങ്ങുന്നതിന് എൻജിഒ സഹായവും ലഭിച്ചു. ഇതുകൂടാതെ, ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ കൂട്ടുകയും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഇവയാണ് ഓറൽ ബണ്ടിൽ കെയറിലൂടെ നൽകിവന്നത്.
ഓറൽ ബണ്ടിൽ കെയർ നടപ്പിലാക്കിയതിന്റെ ഫലം എങ്ങനെയായിരുന്നു? എന്തായിരുന്നു കുടുബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം?
ബണ്ടിൽ കെയർ നടപ്പിലാക്കുന്നതിന്റെ ആറുമാസ കാലയളവിനു മുമ്പും ശേഷവുമുള്ള ഫലമാണ് വിലയിരുത്തിയത്. ബണ്ടിൽ കെയർ നടപ്പാക്കിയതിനുശേഷം മ്യൂക്കോസൈറ്റിസ് വരുന്നത് ഏകദേശം 70 ശതമാനത്തോളം കുറയ്ക്കാനായി. നേരത്തേ 100-ൽ 44 കുട്ടികളിൽ മ്യൂക്കോസൈറ്റിസ് ഉണ്ടായപ്പോൾ ഓറൽ ബണ്ടിൽ കെയറിനു പിന്നാലെ തോത് 13 കുട്ടികളിലേക്കായി കുറയ്ക്കാനായി. കൂടാതെ വായ്പ്പുണ്ണുമൂലം ഭക്ഷണം കഴിക്കാനാവാതെ കഴിഞ്ഞിരുന്ന കുട്ടികളിൽ ട്യൂബിട്ടാണ് പോഷകം ശരീരത്തിലെത്തിച്ചിരുന്നത്. ആറുമാസം മുമ്പെ ഇത്തരത്തിൽ വായ പൊട്ടിയതുമൂലം ട്യൂബിടേണ്ടി വന്നത് 12 കുട്ടികളിൽ ആയിരുന്നെങ്കിൽ ബണ്ടിൽ കെയറിനുശേഷം അത് വെറും രണ്ടുകുട്ടികൾ എന്ന നിലയിലേക്കെത്തിക്കാനായി. മാതാപിതാക്കളുടെ പ്രതികരണം വളരെയേറെ സന്തോഷിപ്പിച്ചു. നേരത്തേ വായ്പ്പുണ്ണ് വന്ന് ഭക്ഷണം കഴിക്കാൻ കുട്ടികൾക്കു കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ കുട്ടികൾക്ക് അത്തരം പ്രശ്നങ്ങളില്ലെന്നും എല്ലാവരും ഒരുപോലെ പറഞ്ഞു.
മുതിർന്നവരിൽ ഈ രീതി തുടരുന്നത് ഗുണം ചെയ്യുമോ?
തീർച്ചയായും ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ക്രയോതെറാപ്പിയെല്ലാം മുതിർന്നവരിലും ചെയ്തുവരുന്നുണ്ട്. പക്ഷേ, തേനിന്റെ ഉപയോഗമൊക്കെ വൃത്തിയോടെയാണെന്നതിൽ വിട്ടുവീഴ്ച ചെയ്യരുത്. തേനിലൂടെ അണുബാധ വരാനുള്ള സാധ്യത വളരെ കുറവാണ്. ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ മാത്രമാണ് ഉപയോഗത്തിനു നിയന്ത്രണമുള്ളത്. അണുബാധാ സാധ്യത കൂടുതലുള്ള കീമോതെറാപ്പി കാലത്ത് തേൻ മാത്രമല്ല, വീട്ടിലെ ഓരോ വസ്തുക്കളും കരുതലോടെ വേണം കൈകാര്യം ചെയ്യാൻ.
പൊതുവേ പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നഴ്സുമാരിൽ നിന്നു വരുന്നതിന്റെ തോത് വളരെ കുറവാണ്. സഹപ്രവർത്തകരുടെ പ്രതികരണം എങ്ങനെയായിരുന്നു?
ബെഡ്സൈഡ് നഴ്സ് എന്നതിനപ്പുറം എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എപ്പോഴും ചിന്തിച്ചിരുന്നയാളാണ് ഞാൻ. എത്തിച്ചേർന്നത് അതിനുതകുന്ന ഒരു സ്ഥാപനത്തിൽ തന്നെയായി എന്നതാണ് അനുഗ്രഹമായത്. മലബാർ കാൻസർ സെന്റർ ഒരു ഗവേഷണസ്ഥാപനം കൂടിയാണ്. അതുകൊണ്ട് അത്തരത്തിൽ ആഗ്രഹിക്കുന്നവരെ വളർത്താനുള്ള എല്ലാ സംവിധാനവും അവിടെയുണ്ടായിരുന്നു. ഒരു നഴ്സിന് ഇതു കഴിയുമോ എന്ന് ആരും സംശയിച്ചില്ല. ഡയറക്‌ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, ഫിസിഷ്യൻ ഡോ. ജിതിൻ, സഹപ്രവർത്തകർ തുടങ്ങിയവരെല്ലാം പിന്തുണയുമായി കൂടെനിന്നു.
ഫെലോഷിപ്പിനേക്കുറിച്ച് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വെറുതെ അപേക്ഷിച്ചു നോക്കുകയാണ് ചെയ്തത്. ആശുപത്രിയിലെ പീഡിയാട്രിഷ്യൻ കൂടിയായ ഡോ. ജിതിൻ ഈ ആശയത്തിനുവേണ്ടി ഏറ്റവുമധികം പിന്തുണച്ചവരിലൊരാളാണ്. തുടക്കത്തിൽ ഇതെങ്ങനെ ചെയ്യണം എന്ന ചിന്തയിലൂടെ കടന്നുപാേയപ്പോൾ ഏറ്റവുമധികം സഹായിച്ചതും അദ്ദേഹമാണ്. അമേരിക്കയിലെ ഏറ്റവും വലിയ ചിൽഡ്രൻസ് കാൻസർ റിസർച്ച് ഹോസ്പിറ്റലായ സെയ്ന്റ് ജൂഡ് ആശുപത്രി, ആഗോളതലത്തിൽ വികസ്വരരാജ്യങ്ങളിലെ പീഡിയാട്രിക് ഓങ്കോളജി വിഭാഗം നഴ്സുമാരെ ശാക്തീകരിക്കാനായി തുടങ്ങിയ ഫെലോഷിപ്പാണിത്. നൂറോളം അപേക്ഷകരിൽനിന്നാണ് അഞ്ചുപേരിലൊരാളായത്.
കംഫർട്ട് സോൺ മറികടക്കണം
ലോകത്തിലെ പ്രമുഖ അർബുദ ഗവേഷണ സ്ഥാപനങ്ങളായ രണ്ട് അന്താരാഷ്ട്ര നഴ്സിങ് ഫെലോഷിപ്പുകളാണ് അഞ്ജനയെ തേടിയെത്തിയത്.
അമേരിക്കയിലെ ടെന്നീസിയിലുള്ള സെയ്ന്റ് ജൂഡ് ചിൽഡ്രൻസ് കാൻസർ റിസർച്ച് ഹോസ്പിറ്റലിൽനിന്ന് ഓറൽ കെയർ ബണ്ടിൽ എന്ന പരീക്ഷണത്തിനുള്ള ഫെലോഷിപ്പാണ് ലഭിച്ചത്. മറ്റൊന്ന് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് പീഡിയാട്രിക് ഓങ്കോളജി മൂന്നു വർഷത്തേക്കു നൽകുന്ന 16.7ലക്ഷം രൂപയുടെ ഫെലോഷിപ്പാണ്. രണ്ടിനും ഇന്ത്യയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അഞ്ജന.
കംഫർട്ട് സോണിൽ ഒതുങ്ങാതെ പുറത്തേക്കു കടന്ന് പുതിയ അവസരങ്ങൾ തേടാൻ ശ്രമിക്കണമെന്നാണ് പുതുതായി ഈ മേഖലയിലേക്കു വരുന്ന നഴ്സുമാരോടും അഞ്ജനയ്ക്കു പറയാനുള്ളത്. മുന്നിൽ നിരവധി അവസരങ്ങളുണ്ട്. തന്നേപ്പോലൊരു സാധാരണ നഴ്സിന് ഇതുപോലൊരു മാറ്റം വരുത്താൻ കഴിയുമെങ്കിൽ എല്ലാവർക്കും കഴിയും. നഴ്സുമാർ ഇൻജക്ഷൻ ചെയ്യാനുള്ളവർ മാത്രമാണെന്ന സമൂഹത്തിന്റെ ധാരണ പൊളിച്ചെഴുതണമെന്നും അഞ്ജന കൂട്ടിച്ചേർക്കുന്നു.
ബിസിനസുകാരനായ എസ്.എം. ദിവിനാണ് ഭർത്താവ്. നിതാര മകൾ.








