മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിക്കാറുണ്ട്. പലപ്പോഴും സാധാരണ അണുബാധയെന്നു തെറ്റിദ്ധരിക്കുന്നതുകൊണ്ട് രോഗസ്ഥിരീകരണം വൈകാറുമുണ്ട്. ഇത് സാഹചര്യം സങ്കീർണമാക്കുന്നു. വയറുവേദനയ്ക്കൊപ്പം പനി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ അണുബാധയെന്നോർത്തു നിസ്സാരമാക്കാതെ വിദഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്.
കുട്ടികളിലെ അപ്പെൻഡിസൈറ്റിസ് സാധാരണയായി ഡോക്ടർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന സാധാരണ ലക്ഷണങ്ങളോടെയാണ് പ്രകടമാകാറുള്ളതെങ്കിലും എല്ലായ്പ്പോഴും പുസ്തകങ്ങളിൽ പറയുന്നതുപോലെ ആകണമെന്നില്ലെന്ന് ഡൽഹി എയിംസിലെ പീഡിയാട്രിക് സർജറി വകുപ്പ് മേധാവി ഡോ. സന്ദീപ് അഗർവാൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടു പറഞ്ഞു. കുട്ടിക്ക് സാധാരണയായി അടിവയറിന്റെ മധ്യഭാഗത്ത് അവ്യക്തമായ വേദന അനുഭവപ്പെടും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത് വലതുഭാഗത്തേക്ക് താഴേക്ക് മാറും. ഇതിനൊപ്പം വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ പനി എന്നിവ ഉണ്ടാകുകയോ അല്ലെങ്കിൽ ഇവയ്ക്ക് മുൻപ് വരികയോ ചെയ്താൽ, അപ്പെൻഡിസൈറ്റിസ് ആണെന്ന് സംശയിക്കേണ്ടതുണ്ട്, ഡോ. സന്ദീപ് പറയുന്നു.
അപ്പെൻഡിസൈറ്റിസ് പലപ്പോഴും ഗ്യാസ്ട്രോ എന്ററൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും അതിൽ സാധാരണയായി വയറിളക്കമാണ് പ്രധാന ലക്ഷണമായി കാണപ്പെടാറുള്ളതെന്നും സന്ദീപ് പറയുന്നു. ലക്ഷണങ്ങൾ എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നതെന്ന് നിരീക്ഷിക്കുകയും വേദന തുടരുകയോ വഷളാകുകയോ ചെയ്യുമ്പോൾ വൈദ്യസഹായം തേടുകയുമാണ് പ്രധാനം. ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് വേദന വ്യക്തമായി വിവരിക്കാനോ എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാനോ കഴിയാത്തതും വെല്ലുവിളിയാകാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
കുട്ടികളിൽ രോഗനിർണ്ണയം വൈകാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. കുട്ടിക്ക് വയറിൽ അണുബാധയാണെന്ന് കരുതി ലക്ഷണങ്ങൾ മാറുന്നതുവരെ കാത്തിരിക്കുന്നത് അപ്പെൻഡിസൈറ്റിസ് മൂർച്ഛിക്കാൻ ഇടവരുത്തുമെന്നും വിദഗ്ധർ പറയുന്നു. പനി, ഛർദ്ദി, ഭക്ഷണം കഴിക്കാൻ വിസമ്മതിക്കൽ എന്നിവയോടൊപ്പമാണ് മാറാത്ത വയറുവേദനയും അനുഭവപ്പെടുന്നതെങ്കിൽ ചികിത്സ വൈകിക്കരുത്.
കുട്ടിക്ക് ചികിത്സ ആവശ്യമുണ്ടോ എന്ന് വേദനയുടെ തീവ്രത മാത്രം നോക്കി തീരുമാനിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. പ്രാരംഭ ലക്ഷണങ്ങൾ താരതമ്യേന ചെറുതാണെങ്കിൽപോലും കുട്ടിക്ക് അപ്പെൻഡിസൈറ്റിസ് ഉണ്ടാകാം. ലക്ഷണങ്ങൾ തുടരുന്നതും മൂർച്ഛിക്കുന്നതും പ്രധാനപ്പെട്ട സൂചനകളാണ്. വയറിലെ വേദനയെല്ലാം അപ്പെൻഡിസൈറ്റിസ് അല്ലെന്നും മാറാതെ നിൽക്കുന്നതോ ക്രമാതീതമായി വഷളാകുന്നതോ ആയ ലക്ഷണങ്ങൾക്ക് വിദഗ്ധ ചികിത്സ പ്രധാനമാണെന്നും ഓർമിപ്പിക്കുകയാണ് വിദഗ്ധർ.
എന്താണ് അപ്പെൻഡിസൈറ്റിസ് ?
വൻകുടലിന്റെ തുടക്കമായ സീക്കത്തിൽനിന്നുള്ള ഒരു ചെറിയ ട്യൂബുലാർ ഘടനയാണ് അപ്പെൻഡിക്‌സ്. ഈ അവയവത്തിന് കൃത്യമായ പ്രവർത്തനങ്ങളൊന്നുമില്ല (Vestigial organ). അപ്പെൻഡിക്‌സിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് അപ്പെൻഡിസൈറ്റിസ്. ഇത് ലളിതമോ സങ്കീർണ്ണമോ ആകാം.
കുട്ടികളേയും അപ്പെൻഡിസൈറ്റിസ് ബാധിച്ചേക്കാം. ചില സമയങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയുടെ ഒരു കാരണം ഇതാകാനും സാധ്യതയുണ്ട്. കുട്ടികളിൽ സാധാരണയായി അപ്പെൻഡിക്‌സിനുള്ളിലെ ലിംഫ് ടിഷ്യുവിൽ ഉണ്ടാകുന്ന നീർവീക്കമാണ് അപ്പെൻഡിസൈറ്റിന് പ്രധാന കാരണം. ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയും കാരണമാകും. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അപ്പെൻഡിക്‌സ് വീർക്കുകയും അതിന് നിറംമാറ്റം ഉണ്ടാകുകയും ചെയ്യുന്നു.
കുട്ടിക്ക് അപ്പെൻഡിസൈറ്റിസ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?
അപ്പെൻഡിസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അടിവയറ്റിൽ താഴത്ത് വലതുഭാഗത്തുണ്ടാകുന്ന വേദന. പലപ്പോഴും, കുട്ടിയുടെ പൊക്കിളിന് ചുറ്റും ആരംഭിക്കുന്ന വേദന പിന്നീടാണ് താഴത്തെ വലതുഭാഗത്തേക്ക് മാറുന്നത്. ഈ അവസരത്തിൽ കുട്ടികൾക്ക് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ചാടുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന വർധിക്കാനും സാധ്യതയുണ്ട്.
മറ്റ് ലക്ഷണങ്ങൾ
ഓക്കാനം
ഛർദ്ദി
വിശപ്പ് കുറയുക
പനി
ചലിക്കുമ്പോൾ വേദന
രോഗനിർണയം എങ്ങനെ?
രക്ത പരിശോധന
അൾട്രാസൗണ്ട് സ്‌കാൻ
സി ടി സ്‌കാൻ
ചികിത്സ
അപ്പെൻഡിക്‌സ് ശസ്ത്രക്രിയയിലൂടെ(അപ്പെൻഡിസെക്ടമി) നീക്കം ചെയ്യുന്നതാണ് സാധാരണ രീതി. മിക്കവാറും കീഹോൾ ശസ്ത്രക്രിയയിലൂടെ തന്നെ രോഗം ഭേദമാകും. ചെറിയ അണുബാധ മാത്രമാണെങ്കിൽ ആന്റിബയോട്ടിക്കുകൾ നൽകിയും ചികിത്സിക്കാറുണ്ട്. എന്നാൽ, തുടക്കത്തിൽ ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമാണെങ്കിലും ചില കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.








