16 കാരിയെ ബസിൽ പീഡിപ്പിച്ച സംഭവം: അന്നുതന്നെ സ്റ്റേഷനിലെത്തി പരാതി നൽകി പെൺകുട്ടി, 4 മണിക്കൂറിൽ പ്രതികൾ പിടിയിൽ

Spread the love

ന്യൂഡൽഹി∙ സ്വകാര്യ സ്ലീപ്പർ ബസിനുള്ളിൽ പതിനാറുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെയിൻപുരി സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി, പഠനകാര്യത്തെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്നാണ് ആരോടും പറയാതെ വീട്ടിൽനിന്ന് ഇറങ്ങിയത്. നോയിഡ സെക്ടർ 63ലുള്ള തന്റെ ബന്ധുവിന്റെ വീട്ടിലേക്കു പോവുകയായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യം. എന്നാൽ രാത്രിയായതോടെ വഴിതെറ്റിയ പെൺകുട്ടി കനത്ത മഴയത്ത് ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ കുടുങ്ങി. ഈ സമയം അവിടെയെത്തിയ സ്വകാര്യ സ്ലീപ്പർ ബസ് കണ്ട് പെൺകുട്ടി കൈകാണിച്ചു. ബസ് നോയിഡ സെക്ടർ 63ലേക്ക് പോവുകയാണെന്ന് കണ്ടക്ടർ കള്ളം പറഞ്ഞതോടെ പെൺകുട്ടി വാഹനത്തിൽ കയറുകയായിരുന്നു.

 

ഈ സമയം ബസിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ബസ് മുന്നോട്ട് എടുത്തതിനു തൊട്ടുപിന്നാലെ കണ്ടക്ടറും ഡ്രൈവറും ചേർന്നു പെൺകുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. എതിർക്കാൻ ശ്രമിച്ച കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ജനലുകളിൽ കട്ടിയുള്ള കർട്ടനുകൾ ഇട്ടിരുന്നതിനാൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ എന്താണു നടക്കുന്നതെന്നു പുറത്തുള്ളവർക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. പാരി ചൗക്കിൽനിന്ന് കശ്മീരി ഗേറ്റ് വരെ ഏതാണ്ട് 47 കിലോമീറ്ററോളം ദൂരമാണ് പെൺകുട്ടിയെയും കൊണ്ട് ഇവർ ക്രൂരത തുടർന്നത്. പുലർച്ചെ കശ്മീരി ഗേറ്റിനു സമീപം പെൺകുട്ടിയെ വഴിയിൽ തള്ളിയശേഷം പ്രതികൾ കടന്നുകളഞ്ഞു.

 

ഭയന്നുവിറച്ച പെൺകുട്ടി നേരെ കശ്മീരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ഡൽഹി നോർത്ത് ഡിസിപി നിഹാരിക ഭട്ടിന്റെ നിർദേശപ്രകാരം പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളും പോക്‌സോ നിയമപ്രകാരവും കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി കേവലം നാല് മണിക്കൂറിനുള്ളിൽ തിമാർപുരിലെ പാർക്കിങ് ഏരിയയിൽനിന്ന് ബസ് കണ്ടെത്തുകയും കാൻപുർ സ്വദേശികളായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

അറസ്റ്റ് വിവരങ്ങൾ പുറത്തുവന്നതോടെ ഗൗതം ബുദ്ധ നഗർ (നോയിഡ) പൊലീസ് കടുത്ത അതൃപ്തിയുമായി രംഗത്തെത്തി. തങ്ങളുടെ അധികാരപരിധിയിലാണു കുറ്റകൃത്യം നടന്നതെന്നും എന്നാൽ ഡൽഹി പൊലീസ് മാധ്യമങ്ങളോടു പറയുന്നതുവരെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും നോയിഡ പൊലീസ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. എന്നാൽ പുതിയ ബിഎൻഎസ് നിയമപ്രകാരം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുവോ അവിടെ കേസ് റരജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും പൊലീസിനു പൂർണ അധികാരമുണ്ടെന്ന് ഡൽഹി ജോയിന്റ് പൊലീസ് കമ്മിഷണർ മധുർ വർമ പറഞ്ഞു.

  • Related Posts

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന…

    ക്ലാസിൽ അശ്ലീല പരാമർശങ്ങൾ, ലൈംഗികച്ചുവയോടെ പെരുമാറ്റം; ജെഎൻയു അധ്യാപകനെതിരേ പരാതിനൽകി 10 വിദ്യാർഥികൾ

    Spread the love

    Spread the loveന്യൂഡൽഹി: ജവഹർ ലാൽ നെഹ്‌റു (ജെഎൻയു) സർവകലാശാലയിലെ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതി നൽകി പത്തോളം വിദ്യാർഥികൾ. സർവകലാശാലയിലെ ഇന്റേണൽ കംപ്ലെയന്റ്‌സ് കമ്മിറ്റി (ഐസിസി)ക്കാണ് വിദ്യാർഥികൾ പരാതി നൽകിയത്. പരാതികളിൽ അന്വേഷണം ആരംഭിച്ചു.   ഒരുമാസം മുൻപാണ് വിദ്യാർഥികൾ ഐസിസിക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *