കൊൽക്കത്ത∙ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തനിഷ്ത സാഹ എന്ന യുവതിയാണു കത്തിയുമായി മമതയുടെ വീടിന്റെ ഗേറ്റിൽ എത്തിയതെന്നും ഇവർ ലഹരിക്ക് അടിമയായിരുന്നുവെന്നും തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിൽ പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതി മമത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡോല സെൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വൈകിട്ട് ആറുമണിയോടെ കാളിഘട്ടിലെ വീട്ടിൽനിന്ന് മമത പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സാഹ മമതയ്ക്കുനേരെ അസഭ്യവർഷം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇവർ സിവിക് വൊളന്റിയറാണെന്നാണു വിവരം. ട്രാഫിക് നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, പൊതു സുരക്ഷാ ചുമതലകൾ എന്നിവയിൽ സഹായിക്കുന്നതിനായി പൊലീസ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ് സിവിക് വൊളന്റിയർമാർ.
‘‘ഒരു ലഹരിമരുന്ന് അടിമ ഇന്ന് മമത ബാനർജിയുടെ വീട്ടിലെത്തി അവരെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. മൂന്നുതവണ മുഖ്യമന്ത്രിയായ, ഇസഡ് പ്ലസ് സുരക്ഷയുള്ള ആൾക്കുപോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് ബംഗാളിലുള്ളത്. ദീദി ഡൽഹിയിൽ അവരെ ഇല്ലാതാക്കാൻ ഉറച്ചതുനിൽക്കുന്നതുകൊണ്ട് ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നോ ഇത്?’’– പരാതിയുടെ പകർപ്പ് പങ്കുവച്ചുകൊണ്ട് പാർട്ടി വക്താവ് സാകേത് ഗോഖലെ എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം തൃണമൂൽ നേതാക്കൾക്കും മമത ബാനർജിക്കുമെതിരെ നേരത്തേയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കൊൽക്കത്തയിലെ ശ്യാംബസാർ പ്രദേശത്ത് വച്ച് മമത സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായിരുന്നു.








