ലക്നൗ∙ വ്യാജ ഇമെയിൽ വിലാസങ്ങൾ നിർമിച്ച് പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് വിൽക്കുന്ന യുവാവ് ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയുടെ പിടിയിൽ. കാൺപുർ സ്വദേശിയായ അങ്കിത് ശംഖ്‌വാറാണ് (24) പിടിയിലായത്. ഇയാൾ നിർമിച്ച് വിറ്റിരുന്ന ഇമെയിൽ വിലാസങ്ങൾ നോയിഡ, ഡൽഹി, ഗുരുഗ്രാം, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കേന്ദ്രങ്ങൾക്കും സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി അയയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്.ഇയാളിൽനിന്ന് ഒരു മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലാപ്ടോപിലെ എക്സെൽ ഫയലുകളിൽ അഞ്ച് ലക്ഷത്തോളം ഇമെയിൽ വിലാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 23ന് മുംബൈയിലെ മേയർ ഓഫിസിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച ‘smithjohnson6889@gmail.com’ എന്ന ഇമെയിലും ഇക്കൂട്ടത്തിലുണ്ട്. ഡൽഹി എൻസിആറിൽ നടത്താനിരുന്ന ഗായകൻ ദിൽജിത്ത് ദോസഞ്ജിന്റെ സംഗീതനിശയ്ക്കും ഒരു ബോളിവുഡ് നടന്റെ വീട്ടിലും ബോംബ് ഭീഷണി ഉയർത്തിയ ഇമെയിലുകളും പിടിച്ചെടുത്തവയിൽപ്പെടുന്നതായി അന്വേഷണത്തിൽ വ്യക്തമായി.2021 മുതൽ അങ്കിത് വ്യാജ ഇമെയിൽ ഐഡികൾ നിർമിക്കുന്നുണ്ടെന്നാണ് വിവരം. സ്വന്തം വിവരങ്ങൾ പുറത്തുവരാത്ത തരത്തിൽ വൈഫൈയും പ്രോക്സി നെറ്റ്‌വർക്കുകളും ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഇയാൾ വ്യാജ ഇമെയിലുകൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് വിറ്റിരുന്നത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. ക്രിപ്റ്റോ കറൻസിയുടെ രൂപത്തിലാണ് ഇയാൾ പ്രതിഫലം വാങ്ങിയിരുന്നത്. ബംഗ്ലദേശ് സ്വദേശിയായ അലാമിൻ ഇസ്‌ലാം എന്നയാൾക്ക് ഇമെയിലുകൾ വിറ്റ വകയിൽ 6000 യുഎസ് ഡോളർ ടെതർ ലഭിച്ചതായി അങ്കിത് എടിഎസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.







