താൻ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഗായിക റിമി ടോമി. തന്റെ ജീവിതത്തിലേക്ക് ഒരാൾ ഈ വർഷം കടന്നുവന്നുവെന്നും ആരാണ് എന്താണ് എന്നുള്ള കാര്യങ്ങളൊന്നും ഇപ്പോൾ പറയുന്നില്ലെന്നും റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു.
അധികം വൈകാതെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതായിരിക്കുമെന്നും റിമി പറഞ്ഞു. അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല എന്നും റിമി പറഞ്ഞു. തന്റെ എല്ലാ വശങ്ങളും മനസിലാക്കിയ ആളാണെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്നും റിമി കൂട്ടിച്ചേർത്തു.
“മുഖത്ത് എത്ര ഫിൽറ്റർ ഇട്ടെന്ന് പറഞ്ഞാലും ഉള്ളിലൊരു സങ്കടം നിങ്ങൾ കാണുന്നുണ്ടോ. എയർപോർട്ടിവച്ച് എന്റെ രേഖകളെല്ലാം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. എയർപോർട്ടിലായതു കൊണ്ട് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ്. അതുകൊണ്ട് എനിക്കൊരു സന്തോഷമില്ല. എന്നാൽ വേറൊരു കാര്യത്തിൽ ഭയങ്കര സന്തോഷമുണ്ട്.
അത് ഷെയർ ചെയ്യാനാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. 16- വയസിൽ സ്റ്റേജ് ഷോയ്ക്ക് ഇറങ്ങിയ ആളാണ് ഞാൻ. സ്റ്റേജ് ഷോകളിലൂടെ അന്ന് മുതൽ നിങ്ങൾക്കെന്നെ പരിചയമുണ്ട്. 18 വയസിൽ സിനിമയിൽ ആദ്യത്തെ പാട്ട് പാടി. അന്ന് മുതൽ 2026 വരെ എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളും കാര്യങ്ങളും എന്റെ കുടുംബത്തെയും ഇതിൽ കൂടുതൽ മനസിലാക്കി തരാനൊന്നുമില്ല.
കാരണം ഒരു മനുഷ്യന്റെ കാര്യങ്ങൾ പത്തിരുപത്തഞ്ച് വർഷം വരയേ നമുക്ക് പിടിച്ചു വയ്ക്കാൻ പറ്റുകയുള്ളൂ. റിയൽ ആയി ഞാൻ എങ്ങനെയാണെന്നുള്ളത് കുറേ വർഷങ്ങളായി നിങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. സ്റ്റേജിലൂടെയും നേരിട്ടും. ജീവിതത്തിൽ ഒരു സന്തോഷ കാര്യം നടക്കുമ്പോൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നവരോട്, ഒരുപാട് വർഷങ്ങളായി എന്നോട് ഇത് ചോദിക്കുന്നവർക്ക് ഒരു സന്തോഷമുണ്ടാകുമായിരിക്കും എന്ന് വിചാരിച്ചാണ് ഞാൻ ഇന്ന് ഈ വിഡിയോ ഇടുന്നത്.
മൂന്ന് വർഷം മുൻപ് ഓൺലൈനിൽ മൊത്തം എന്റെ കല്യാണമായി എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ, ഞാനിതുപോലെ ഒരു വിഡിയോ ഇട്ടിരുന്നു. കല്യാണമായിട്ടില്ല, പലരും പലതും പറയും അതൊന്നും വിശ്വസിക്കരുത് എന്ന് പറഞ്ഞ് ഞാനൊരു വിഡിയോ ഇട്ടിരുന്നു. രണ്ടാമതൊരു വിവാഹം കഴിച്ചാൽ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് കാനഡയിൽ വച്ചൊരു വിഡിയോയിലൂടെ ഞാൻ ചോദിച്ചിരുന്നു.
അത് ഞാനൊരു രണ്ട് മൂന്ന് സ്റ്റേജിൽ ചോദിച്ചിരുന്നു. ആ ചോദിച്ചത് ഭയങ്കര വൈറലായിട്ട് എല്ലാ ഓൺലൈനിലും വന്നിരുന്നു. അപ്പോൾ എല്ലാവർക്കും ഭയങ്കര സംശയമായി. അങ്ങനെയാണ് ഞാൻ വിഡിയോ ചെയ്യുന്നത്. ഇത്രയും എന്നെ സ്നേഹിച്ച ഒരു 75 ശതമാനം ആളുകൾക്കും സന്തോഷമാകുന്ന ഒരു വാർത്തയാണ് ഞാൻ പറയാൻ പോകുന്നത്. ഒറ്റയ്ക്ക് അല്ല, എപ്പോഴും എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ സഹോദരൻ സഹോദരി മമ്മി പിള്ളേര്… അവരാണെന്റെ കുടുംബം.
ഞാൻ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണർ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താൻ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാൻ കൃത്യമായി പറയാം. ഒരു കാര്യം ഞാൻ പറയാം, ഒരഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല.
ഒരു കല്യാണം വേണ്ടേ റിമി എന്നൊക്കെ ചോദിക്കുമ്പോൾ, നമുക്ക് ചുമ്മാ പോയി സെലക്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല ഇത്. ഒരു ജീവിത പങ്കാളി എന്ന് പറയുന്നത്. നമുക്ക് മനസിലാകും, നമുക്ക് തോന്നണം, നമുക്ക് നന്നായി പോകാൻ പറ്റും, നമുക്ക് സന്തോഷമായിട്ട് ഇരിക്കാൻ പറ്റും നമ്മുടെ വൈബ് മാച്ചിങ് ആകും സമാധാനത്തോടെ ഇരിക്കാൻ പറ്റും.
കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളർച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോൾ അവരോട് സംസാരിക്കുമ്പോൾ അടുത്തിടപഴകുമ്പോൾ ദൈവം നമുക്ക് കൊണ്ട തന്നതുപോലെ തോന്നിപ്പിക്കുന്ന, അങ്ങനെ തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ്.
പിന്നെ ബാക്കിയൊക്കെ മുന്നോട്ട് ജീവിച്ച് കഴിയുമ്പോഴേ നമുക്ക് മനസിലാവുകയുള്ളൂ. സെലക്ട് ചെയ്യാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ, എനിക്ക് മനസിലായി ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ അതൊന്നും കണ്ടിട്ടല്ല. എനിക്ക് സമാധാനത്തോടെ എന്നെ നന്നായി നോക്കുന്ന എന്റെ വശങ്ങളും മനസിലാക്കിയ..
ദേഷ്യം, വാശി, സ്നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മൾ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം കിട്ടി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുക്കുന്നത്.
എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഞാൻ പങ്കുവയ്ക്കും. അത് മാത്രം മനസിലാക്കുക. അപ്പോൾ ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലേ. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം”.- റിമി ടോമി വിഡിയോയിൽ പറഞ്ഞു.








