ചെന്നൈ: ജെം ഗ്രാനൈറ്റ്‌സ് ഉടമ വീരമണി മുഖ്യപ്രതിയായ ലൈംഗികാതിക്രമക്കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.). കേസുമായി ബന്ധപ്പെട്ട് വീരമണിയുടെ മുൻ ഡ്രൈവറായിരുന്ന ബാലയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി കൂടി കഴിഞ്ഞ ദിവസം വീരമണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്തതും ബാലയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയതും. പുതിയ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലയെ കസ്റ്റഡിയിലെടുത്തത്. ഇതോടെ വീരമണിക്കെതിരെ രജിസ്റ്റർ ചെയ്ത ആകെ പോക്സോ കേസുകളുടെ എണ്ണവും പത്തായിട്ടുണ്ട്.
അതേസമയം, ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വീരമണിയുടെ ചെന്നൈ റോയപ്പേട്ടയിലുള്ള വീട്ടുവളപ്പിൽ എസ്.ഐ.ടി. മണ്ണുകുഴിച്ച് പരിശോധന നടത്തി. എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. കേസിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ ഈ പരിശോധന.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന സംഭവവികാസത്തിൽ, സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറി എൻ. കണ്ണയ്യയുടെ മകൻ പ്രകാശ് കണ്ണയ്യ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സെഷൻസ് കോടതി പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വീരമണിയെ കേസിൽ നിന്നും രക്ഷപ്പെടുത്തുന്നതിനായി പ്രകാശ് വൻതുക കൈപ്പറ്റിയതായി പ്രത്യേകാന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.








