ഭുവനേശ്വർ: ഒഡിഷയിൽ അനുവാദമില്ലാതെ ബിസ്കറ്റ് എടുത്ത് കഴിച്ചെന്നാരോപിച്ച് 13 വയസ്സുകാരനെ കടയുടമ തല്ലിക്കൊന്നു. ബാലേശ്വർ ജില്ലയിലെ നിലഗിരി മേഖലയിലാണ് സംഭവം നടന്നത്. ടെന്റുലിയ ഗ്രാമവാസിയും ഏഴാം ക്ലാസ് വിദ്യാർഥിയുമായ ദിനേശ് ബാഗ്സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കടയുടമ സന്തോഷ് ബെഹ്റയെയും ഇയാളുടെ മകൻ മനസ് ബെഹ്റയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച (നവംബർ 13) കടയിൽ നിന്ന് പലഹാരം വാങ്ങാനായി പോയ ദിനേശ് രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ശനിയാഴ്ച (നവംബർ 14) രാവിലെ കടയ്ക്ക് പിന്നിലുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അനുവാദമില്ലാതെ കടയിൽ നിന്ന് ബിസ്കറ്റ് എടുത്ത് കഴിച്ചതിന് കുട്ടിയെ കടക്കുള്ളിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മർദനമേറ്റുണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കടയുടെ പൂട്ടുപൊളിച്ച് പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ മർദിച്ചതായി കടയുടമ സമ്മതിച്ചിട്ടുണ്ട്. മൃതദേഹം കടയ്ക്ക് പിന്നിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതിൽ കടയുടമയ്ക്കും മകനും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ 12 മണിക്കൂറോളം പ്രതിഷേധിച്ചു. ഒടുവിൽ ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.








