മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് എറിഞ്ഞ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സോംനാഥ് ദാമോദർ റോഡ്ഗെ (40) ആണ് അറസ്റ്റിലായത്. ഏഴുവയസ്സുകാരനായ ആര്യൻ, അഞ്ചുവയസ്സുകാരനായ ശ്യാം എന്നിവരെയാണ് ഇയാൾ കനാലിലേക്ക് എറിഞ്ഞത്. കാണാതായ കുട്ടികൾക്കായി പോലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് തിങ്കളാഴ്ച (നവംബർ 16) രാത്രി മുതൽ കനാലിൽ തിരച്ചിൽ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിങ്കളാഴ്ച (നവംബർ 16) വൈകുന്നേരമാണ് സംഭവം നടന്നത്. മധുരപലഹാരങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞാണ് ഇയാൾ മക്കളെ സ്കൂട്ടറിൽ കയറ്റി കനാൽ പരിസരത്തേക്ക് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. കനാലിലേക്ക് എറിയാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾ നിലവിളിക്കുകയും തങ്ങളെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ കർഷകർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കർഷകർക്കുനേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തശേഷം കുട്ടികളെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. തുടർന്ന് കർഷകർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പച്ചോഡ് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.








