തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസ്സുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയോട് അധ്യാപികയുടെയും ജീവനക്കാരിയുടെയും ക്രൂരത. അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിനെ തുടർന്ന്, വനിതാ അറ്റൻഡർ കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിടുകയായിരുന്നു. അധ്യാപിക ഇതിന് സാക്ഷിയായി നിന്നതായും പോലീസ് വ്യക്തമാക്കി. കൈകൾ കെട്ടിയ നിലയിൽ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി താഴെ വീണ് കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്ന ദൃശ്യങ്ങൾ ക്ലാസ് മുറിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
സ്കൂൾ വിട്ടെത്തിയ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് പിതാവ് അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. അധ്യാപികയും അറ്റൻഡറും ഉപദ്രവിച്ചതായി കുട്ടി പറഞ്ഞതനുസരിച്ച് പിതാവ് സ്കൂളിലെത്തി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടത്. കൈകൾ കെട്ടിയ നിലയിൽ വേദനകൊണ്ട് ഉറക്കെ നിലവിളിക്കുന്ന കുട്ടിയും, കെട്ടഴിക്കാനായി കയറിൽ കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി കരയുമ്പോഴും അധ്യാപികയും മറ്റ് കുട്ടികളും ക്ലാസ് മുറിയിൽ നിസ്സംഗരായി ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
പിതാവ് മൊബൈലിൽ പകർത്തിയ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയതിനെ തുടർന്ന് തിരുത്തുറൈപൂണ്ടി പോലീസ് കേസെടുത്തു. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ എന്നീ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ രണ്ട് ജീവനക്കാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.








