കണ്ണൂർ: ഉളിക്കൽ മണിക്കടവിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 31 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വയനാട് പെരിയ സ്വദേശി ഉച്ചപ്പള്ളി പ്രേമയെ (50) ഉളിക്കൽ പൊലീസ് പിടികൂടി. മണിക്കടവ് സ്വദേശി ന്യായപ്പള്ളി ഈപ്പന്റെ വീട്ടിൽ നിന്നാണ് ഏകദേശം 30 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചത്. ഈപ്പന്റെ മകൾ നിമ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ഈപ്പനെയും ഭാര്യയെയും പരിചരിക്കുന്നതിനായി മൂന്ന് വർഷം മുൻപാണ് പ്രേമ മണിക്കടവിലെ വീട്ടിൽ ജോലിക്കെത്തിയത്. ഭാര്യയുടെ മരണശേഷം ഈപ്പൻ മകൾക്കൊപ്പം കുറച്ചുനാൾ ബെംഗളൂരുവിലേക്ക് പോയിരുന്നു. വീട്ടുകാർ ഇല്ലാതിരുന്ന ഈ സമയത്താണ് പ്രേമ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന യഥാർത്ഥ സ്വർണാഭരണങ്ങൾ എടുത്ത ശേഷം, വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ അതേ ഡിസൈനിലുള്ള മുക്കുപണ്ടങ്ങൾ പകരം വെക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഈപ്പനും കുടുംബവും നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ മാറിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. മാല, വള, നെക്‌ലസ്, മോതിരം, ലോക്കറ്റ്, പാദസരം തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സ്വർണാഭരണങ്ങൾക്ക് സമാനമായ മുക്കുപണ്ടങ്ങൾ വാങ്ങുന്നതിനായി യഥാർത്ഥ ആഭരണങ്ങളുടെയും മുക്കുപണ്ടങ്ങളുടെയും ചിത്രങ്ങൾ പ്രതി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. മോഷണവിവരം അറിഞ്ഞിട്ടും പ്രതിയോട് യാതൊരു സംശയവും തോന്നാത്ത വിധം പെരുമാറിയ വീട്ടുകാർ, തന്ത്രപൂർവ്വം പ്രേമയുടെ ഫോൺ പരിശോധിച്ചതോടെയാണ് ചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എസ്ഐ രാധാകൃഷ്ണൻ, എഎസ്ഐ. പി.വി. രാജേഷ്, ഉദ്യോഗസ്ഥരായ ടിജെ ഷിജിമോൾ, കെകെ.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








