ഡൽഹി: തപാൽ സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് വൻതോതിൽ നിയന്ത്രിത മരുന്നുകളും ലഹരിമരുന്നുകളും കടത്തിയിരുന്ന രാജ്യാന്തര ശൃംഖലയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് നടത്തിയ ‘ഓപ്പറേഷൻ മൺസൂൺ തണ്ടർ’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് സംഘത്തെ വലയിലാക്കിയത്.
നവംബർ 4 മുതൽ 13 വരെ ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത, ലഖ്‌നൗ എന്നീ നഗരങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 2022 ജൂൺ മുതൽ 2026 നവംബർ വരെയുള്ള നാല് വർഷത്തിനിടെ ഏകദേശം 3,000 പാർസലുകളിലായി അഞ്ച് ലക്ഷത്തോളം ഗുളികകൾ ഇവർ അമേരിക്കയിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സൈക്കോട്രോപിക് മരുന്നുകൾ, ഒപിയോയ്ഡുകൾ, ഡോക്ടറുടെ പ്രത്യേക കുറിപ്പടി ആവശ്യമുള്ള എൻ.ആർ.എക്സ് വിഭാഗത്തിലുള്ള മരുന്നുകൾ എന്നിവയാണ് പ്രധാനമായും കടത്തിയിരുന്നത്.
അമേരിക്കയിലെ വിവിധ ഇടങ്ങളിലേക്ക് അയക്കാൻ തയ്യാറാക്കി വെച്ചിരുന്ന 1,500-ലധികം ഗുളികകൾ എൻസിബി പിടിച്ചെടുക്കുകയും രണ്ട് ചരക്കുകൾ അമേരിക്കൻ ഏജൻസിയായ ഡി.ഇ.എ തടയുകയും ചെയ്തു. കൂടാതെ, മുൻപ് അയച്ച പാർസലുകളുടെ വിവരങ്ങൾ, മേൽവിലാസങ്ങൾ, തപാൽ ട്രാക്കിങ് വിവരങ്ങൾ എന്നിവയടങ്ങുന്ന 59,000-ത്തിലധികം പേരുടെ ഡാറ്റ തുടർനടപടികൾക്കായി അമേരിക്കൻ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതീവ രഹസ്യമായാണ് സംഘം പ്രവർത്തിച്ചിരുന്നത്. ടെലിഗ്രാം, സ്കൈപ്പ്, വാട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ആവശ്യക്കാരിൽ നിന്നും ഓർഡറുകൾ സ്വീകരിച്ചിരുന്നത്. തുടർന്ന് അമേരിക്കൻ തപാൽ സംവിധാനമായ യു.എസ്.പി.എസ് ഉൾപ്പെടെയുള്ള കൊറിയർ-തപാൽ ശൃംഖലകൾ വഴി മരുന്നുകൾ എത്തിച്ചു നൽകി.
അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ വെൻമോ, ബാങ്ക് അക്കൗണ്ടുകൾ, യുപിഐ, ക്രിപ്റ്റോകറൻസി, ഹവാല മാർഗങ്ങൾ എന്നിവയിലൂടെയാണ് പണം കൈമാറിയിരുന്നത്. കടത്തിയ മരുന്നുകളുടെ ഉറവിടം ഒന്നിലധികം രാജ്യങ്ങളിലായിരിക്കാമെന്ന സൂചനയും എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ശൃംഖലയും പൂർണ്ണമായി കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഡിജിറ്റൽ, തപാൽ സംവിധാനങ്ങൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ ഇന്ത്യയും അമേരിക്കയും സംയുക്ത നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.








