മുംബൈ ∙ മഹാരാഷ്ട്രയിലെ കുർളയിലെ പാർക്കിൽ യുവതീയുവാക്കളെ പത്തോളം പേരടങ്ങുന്ന കൗമാരസംഘം വടികൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുർള വെസ്റ്റിലെ ഫീനിക്സ് മാളിന് പിന്നിലുള്ള പ്രമോദ് മഹാജൻ ഗാർഡനിലാണ് സംഭവം നടന്നത്.
ബിജെപി നേതാവ് കിരിത് സോമയ്യ പങ്കുവച്ച വിഡിയോയിൽ, പ്രായപൂർത്തിയാകാത്ത പത്തോളം പേരടങ്ങുന്ന ആൺകുട്ടികൾ യുവതീയുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുന്നത് കാണാം. തർക്കം പെട്ടെന്നുതന്നെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രതികൾ ഇരുവരെയും വളയുകയും വഴി തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു പേർ യുവാവിനെ മരക്കമ്പുകൾ കൊണ്ട് അടിക്കുന്നതും തുടർന്ന് കൂട്ടത്തോടെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടെയുണ്ടായിരുന്ന യുവതി ഇവരെ തടയാനും യുവാവിനെ രക്ഷിക്കാനും ശ്രമിക്കുന്നത് കാണാം. ഒടുവിൽ ഇരുവരും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, അക്രമം നടത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മനഃപൂർവം പരുക്കേൽപ്പിക്കൽ, സമാധാനലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മനഃപൂർവമായ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ മാതാപിതാക്കൾക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടായിസമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് കിരിത് സോമയ്യ അക്രമത്തിന്റെ വിഡിയോ പങ്കുവച്ചത്. സംഭവസ്ഥലം സന്ദർശിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം, പൊതുസ്ഥലങ്ങളിൽ ആളുകളെ ശല്യപ്പെടുത്തുന്നവർക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കുമെന്ന് മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി.






